Wed. Jan 22nd, 2025
തിരുവനന്തപുരം:

 

സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ ബാധിച്ചതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാഫലം വന്നതിനുശേഷമാണ് നിപ ബാധ സ്ഥിരീകരിച്ചത്.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

 

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *