തിരുവനന്തപുരം:
പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി.സി. ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും. അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി.സി. ജോര്‍ജിനെ കാണും.
പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രന് താന്‍ വോട്ട് ചെയ്യുമെന്ന് പുഞ്ഞാര്‍ എം.എല്‍.എ, പി.സി.ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രന്‍ മാത്രമേ തന്റെ വീട്ടിലെത്തി വോട്ട് ചോദിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്‍ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.സി ജോര്‍ജും കൂട്ടരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പി.സി ജോര്‍ജിന്റെ വരവ് പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. ഇടത് വലത് മുന്നണികളില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് എന്‍.ഡി.എ. പ്രവേശന ചര്‍ച്ചകള്‍ ജോര്‍ജ് ഊര്‍ജ്ജിതമാക്കിയത്. എന്‍.ഡി.എയില്‍ ചേരുന്നതിന്റെ മുന്നോടിയായാണ്, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍.