ന്യൂഡല്‍ഹി:
ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷവും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും റെയില്‍വേ ടിക്കറ്റുകളിലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാണ് വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ്പാസുകളില്‍ നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുൻ പഞ്ചാബ് ഡി.ജി.പി ശശി കാന്ത് ആണ് ഈ വിഷയം ഉയർത്തിക്കാട്ടിയത്. ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശശികാന്ത് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കിട്ടിയ ബോർഡിങ് പാസിൻെറ ഫോട്ടോ സഹിതം വിഷയം തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘വൈബ്രൻറ് ഗുജറാത്തിൻെറ’ പരസ്യ സഹിതം രണ്ട് ബി.ജെ.പി. നേതാക്കളുടെ ചിത്രങ്ങൾ ബോർഡിങ് പാസുകളിൽ എങ്ങനെ വന്നു എന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നും കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യാത്ത തിരഞ്ഞെടുപ്പ് കമീഷന് വേണ്ടി എന്തിനാണ് നമ്മൾ പൊതു പണം കളയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇതേ തുടര്‍ന്ന് ‘വൈബ്രൻറ് ഗുജറാത്തിൻെറ’ പരസ്യമടങ്ങിയ ബോർഡിങ് പാസുകൾ എയർ ഇന്ത്യ പിൻവലിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻെറ ലംഘനമാണെന്ന പരാതിയെ തുടർന്നാണ് ബോർഡിങ് പാസുകൾ പിൻവലിച്ചത്.
കൂടാതെ സർക്കാറിൻെറ നേട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളോ പതിച്ച ടിക്കറ്റുകൾ നൽകരുതെന്ന് ഇന്ത്യൻ റെയിൽവെയും വിവിധ സോണുകൾക്ക് നിർദേശം നൽകി. ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്ന തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമീഷനിൽ പരാതിപ്പട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി.