Fri. Nov 22nd, 2024
കോട്ടയം:

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്ന തരത്തിലുള്ള ഒരു സൂചന പോലും ഇതുവരെ താന്‍ നല്‍കിയിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉടന്‍ തന്നെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താന്‍ എന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. രാഹുല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും മത്സരിക്കണം എന്ന ആവശ്യം ഉയര്‍ന്നതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കണം എന്ന ആവശ്യം ഉയര്‍ത്തിയത് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സസരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. മത്സരിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ആവശ്യപ്പെടുന്നതായാണ് പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി വരും എന്ന് ഉറപ്പിച്ചു തന്നെയാണ് ഇടുക്കിയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞത്.

വയനാട്ടിൽ സ്ഥാനാർത്ഥിയായി ടി. സിദ്ദിഖ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഉമ്മൻ ചാണ്ടി എത്തിയത്. ഈ വാദത്തിൽനിന്നാണ് അദ്ദേഹം പിന്നാക്കം പോയത്. മാർച്ച് 23ന് പത്തനംതിട്ടയിൽവച്ചുള്ള ഒരു പരിപാടിയിലാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത്.

അതേസമയം, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനാൽ വയനാട് യു.ഡി.എഫ് ക്യാംപിൽ സമ്പൂർണ അനിശ്ചിതത്വമാണ്. ഡി.സി.സി. ഓഫീസിൽ തിരഞ്ഞെടുപ്പ് സമയത്ത് പതിവുള്ള തിരക്കില്ല. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിൽ നിന്നു പിന്മാറിയേക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കാൻ വയനാട്ടിൽ എത്താൻ സാധ്യത ഇല്ലാത്തതിനാൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിക്കുന്ന ദിവസമായ ഇന്നെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *