Mon. Dec 23rd, 2024

ആറാഴ്ച നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏകദേശം 50,000 കോടി രൂപ (ഏഴു ബില്യൻ ഡോളർ) ചെലവു വരുമെന്നു ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമ പഠന കേന്ദ്രത്തിന്റെ (സിഎംഎസ്) റിപ്പോർട്ട്. 2014 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച് 40 ശതമാനം വർദ്ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സി.എം.എസിന്റെ പഠനം. 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ 35,000 കോടി രൂപയാണ് (5 ബില്യൻ ഡോളർ) ചെലവായത്. അതായത് ഒരു വോട്ടർക്കുവേണ്ടി ചെലവഴിച്ചത് ഏകദേശം 557 രൂപ (നിലവിലെ നിരക്ക് അനുസരിച്ച്). ഇന്ത്യയിലെ 60 ശതമാനം ജനങ്ങൾ 209 രൂപ ദിവസക്കൂലി (നിലവിലെ നിരക്ക് അനുസരിച്ച്) കൊണ്ടാണ് ജീവിക്കുന്നതെന്നാണ് കണക്ക്.

പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ത്ഥിയും ചെലവഴിക്കുന്ന തുകക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലൊതുങ്ങാറില്ല ഒരു സ്ഥാനാര്‍ത്ഥിയുടെയും ചെലവുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ 543 സീറ്റുകളിലായി ഏകദേശം എണ്ണായിരത്തിലധികം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിൽ ഒരു രീതിയിലുള്ള തട്ടിപ്പും സാധ്യമല്ല എന്നാണു ഇതുവരെ കണക്കാക്കുന്നത്. അതേസമയം, രാജ്യത്തെ 90 ശതമാനം സ്ഥാനാർത്ഥികളും വോട്ടർമാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പണം, മദ്യം, വീട്ടുപകരണങ്ങൾ, ടിവി, എന്തിന് ആടിനെ വരെ കൈക്കൂലിയായി നൽകി വോട്ടർമാരെ സ്വാധീനിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി ചെലവിടാവുന്ന പരമാവധി തുക 70 ലക്ഷം രൂപയാണ്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് രേഖപ്പെടുത്തി സൂക്ഷിക്കണമെന്നായിരുന്നു നിയമ വ്യവസ്ഥ. തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന്റെ കാലത്താണ് നിയമം കൃത്യമായി നടപ്പാക്കാന്‍ പാകത്തില്‍ വ്യവസ്ഥകളുണ്ടാക്കിയത്. സ്ഥാനാർത്ഥികൾ നിയമം പാലിക്കുന്നുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ നിരീക്ഷണ സംഘങ്ങളെയും എല്ലാ ജില്ലകളിലും നിയമിക്കുന്നുണ്ട്. എന്നാലും ചെലവിന്റെ കാര്യത്തിൽ ഈ നിയമങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ് ചെയ്യാറ്. 70 ലക്ഷത്തിന്റെ പരിധി പ്രധാന പാര്‍ട്ടികളൊക്കെ ലംഘിക്കുന്നുണ്ടെന്ന് മണ്ഡലത്തില്‍ സഞ്ചരിക്കുന്ന ഏത് സാധാരണക്കാരനും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നാലും നിരീക്ഷകർക്കു മനസ്സിലാകാറില്ല. പക്ഷെ സമര്‍പ്പിച്ച ചെലവ് യഥാര്‍ത്ഥ ചെലവുമായി ഒത്തുപോകുന്നില്ലെന്ന കാരണത്താല്‍ ആരെയെങ്കിലും ഇക്കാലത്തിനിടെ അയോഗ്യരാക്കിയതായി കേട്ടിട്ടില്ല. അതിനർത്ഥം രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം എന്നത് തിരഞ്ഞെടുപ്പ് സമയത്തു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പഞ്ചനക്ഷത്ര സൗകര്യങ്ങളും വാഹനങ്ങളും ഉപയോഗിക്കാൻ മാത്രമുള്ള വെള്ളാനകളായി മാത്രം മാറുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്തെ ഈ പോരായ്മകൾ മുതലെടുത്ത് പാർട്ടികളെയും നേതാക്കളെയും വിലക്ക് വാങ്ങി തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്താൻ കോർപ്പറേറ്റുകൾ മത്സരിക്കുകയാണ്. തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ഒരു ഭരണകൂടം ഉണ്ടാക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കോർപറേറ്റുകൾ കോടികൾ ഒഴുക്കുകയാണ്. ഇതിനു തടയിടാൻ ഒരു മാർഗ്ഗവുമില്ല, കാരണം തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവാക്കാൻ സാധിക്കുന്ന പണത്തിന് നിയന്ത്രണമുള്ളപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് അതില്ല.
എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഫണ്ടുകളില്‍ സിംഹഭാഗവും ഉറവിടം വെളിപ്പെടുത്താത്ത സംഭവനകളാണെന്നതാണ് വാസ്തവം. സ്വദേശത്തും വിദേശത്തുമുള്ള കോർപ്പറേറ്റുകളിൽ നിന്നും കള്ളപ്പണക്കാരില്‍ നിന്നാണ് ഇത്തരം സംഭാവനകളില്‍ ഏറിയ പങ്കും ലഭിക്കുന്നതെന്നതിനാലാണ് ഉറവിടം വെളിപ്പെടുത്താത്തത്. ഈ പ്രവണത നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാനാകില്ല. അജ്ഞാത സംഭാവനകള്‍ തടയണമെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും നടപ്പിൽ വന്നിട്ടില്ല.

നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ഫണ്ട് കൈപറ്റുന്നതിനെക്കുറിച്ചു വിവാദമുയര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ചു ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം വിദേശഫണ്ട് കൈപറ്റുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് പക്ഷേ വെളിച്ചം കണ്ടില്ല. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുമായി മിക്ക പാര്‍ട്ടികള്‍ക്കും നിയമവിധേയമല്ലാത്ത ബന്ധങ്ങളുള്ളതിനാല്‍ റിപ്പോർട്ടിനെ കുറിച്ച് ആരും പിന്നെ അന്വേഷിച്ചില്ല.


ഇലക്ഷൻ കമ്മീഷന്റെ കണക്കനുസരിച്ച് 2018 സാമ്പത്തിക വർഷത്തിൽ രാജ്യത്തു ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചിട്ടുള്ളത് ബി.ജെ.പിക്കാണ്. ബി.ജെ.പിക്ക് 1027 കോടിയും, കോൺഗ്രസ്സിന് 200 കോടിയും മറ്റു എല്ലാ പാർട്ടികൾക്കും കൂടി 75 കോടിയോളവുമാണ് സംഭാവനകൾ ലഭിച്ചതായി അവർ തിരഞ്ഞെടുപ്പ് കമ്മീഷനു കണക്കു നൽകിയിരിക്കുന്നത്. എന്നാൽ ബി.ജെ.പി ക്കു ലഭിച്ച സംഭാവനയുടെ 53.9 ശതമാനവും, കോൺഗ്രസ്സിന് ലഭിച്ച തുകയുടെ 60.2 ശതമാനവും ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകൾ ആയിരുന്നു. 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ 53 ശതമാനവും ഇങ്ങനെ ഉറവിടം വെളിപ്പെടുത്തിയിരുന്നില്ല. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പാർട്ടികൾ നൽകിയ കണക്കാണ്. അപ്പോൾ അനൗദ്യോഗികമായി എത്രയുണ്ടാകുമെന്നു ഊഹിക്കാം. 2104 ൽ മോദി അധികാരത്തിൽ വന്ന ശേഷം കുത്തകകളുടെ വളർച്ച അഭൂതപൂർവ്വമായിരുന്നു. അദാനി, പതഞ്ജലി, റിലയൻസ് തുടങ്ങിയ ഗ്രൂപ്പുകളെ നിരീക്ഷിച്ചാൽത്തന്നെ ഇക്കാര്യം വ്യക്തമാകും. അതോടൊപ്പം തന്നെ കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പ് നടത്തി ധാരാളം പേർ മോദിഭരണകാലത്തു വിദേശ നാടുകളിലേക്ക് രക്ഷപ്പെട്ടിരുന്നു. അതായതു കുത്തക മുതലാളി സൗഹൃദ സർക്കാർ ആയിരുന്നത് കൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് മറ്റു പാർട്ടികളേക്കാൾ അഞ്ചിരട്ടിയോളം സംഭാവനകൾ സ്വരൂപിക്കാൻ കഴിഞ്ഞതെന്ന് വ്യക്തം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി സർക്കാർ ഇലക്ടറല്‍ ബോണ്ടുകള്‍ ഇറക്കിയിരുന്നു. അതായതു ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് 10,000 രൂപ സംഭാവന നല്‍കണമെങ്കില്‍ അത് ബാങ്കില്‍നിന്ന് 1,000 രൂപയുടെ 10 ബോണ്ടുകളായി വാങ്ങി നല്‍കാം. ഇതു കൈമാറി കിട്ടിയാല്‍ ആ പാര്‍ട്ടിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്താനായിരുന്നു ഈ സംവിധാനം തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർടികൾക്ക‌് ലഭിച്ച 222 കോടിയില്‍ 95 ശതമാനവും കിട്ടിയത് ബിജെപിക്ക് മാത്രമായിരുന്നു. ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും പറയേണ്ടതില്ല. അതോടെ കേന്ദ്രഭരണകക്ഷിക്ക് കോര്‍പ്പറേറ്റ് പണം ലഭിക്കാനുള്ള മാർഗ്ഗം മാത്രമായി ഇലക്ടറല്‍ ബോണ്ടുകള്‍ മാറി.


2108 ൽ പേര് വെളിപ്പെടുത്തി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ പ്രമുഖ കോർപറേറ്റുകൾ ഡി.എൽ.എഫ് (52 കോടി) ഭാരതി ഗ്രൂപ്പ് (33 കോടി) ആദിത്യ ബിർള ഗ്രൂപ്പ് (21.5 കോടി) എന്നിവരാണ്. മൊത്തം 194 കോടി രൂപയാണ് പേര് വെളിപ്പെടുത്തിവർ എല്ലാം ചേർന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയിട്ടുള്ളത്. അതിൽ 169 കോടിയും ഭരണകക്ഷിയായ ബി.ജെ.പിയുടെ അക്കൗണ്ടിൽ ആണ് എത്തിയതെന്ന് മാത്രം.

2014 ൽ ദൽഹി ഹൈക്കോടതി വിദേശ നാണ്യ ചട്ടം ലംഘിച്ചതിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ കുറ്റക്കാരായി വിധിച്ചിരുന്നു. ബ്രിട്ടനിലെ കുത്തകകളായ വേദാന്ത റിസോഴ്‌സസിൽ നിന്നും അനധികൃതമായി പണം സ്വീകരിച്ചതിനായിരുന്നു നടപടി. എന്നാൽ, അതിനെതിരെ അപ്പീലിന് പോയ പാർട്ടികൾ വേദാന്ത ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരുന്നു എന്ന ന്യായം പറഞ്ഞു കേസിൽ നിന്നും ഊരിപ്പോന്നു. തുടർന്ന് മോദി സർക്കാർ വിദേശ കമ്പനികളുടെ നിർവചനം തന്നെ ചട്ടങ്ങളിൽ മാറ്റി. പണ്ട് വിദേശ കമ്പനികളുടെ ഇന്ത്യൻ സംരഭങ്ങളെയും വിദേശ കമ്പനിയായി കണക്കാക്കി അവർക്ക് തിരഞ്ഞെടുപ്പിൽ ഫണ്ട് ചെയ്യുന്നതിന് അനുവാദമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ അത്തരം കമ്പനികളെ ഇന്ത്യൻ കമ്പനികളായി കണക്കാക്കി നിയമഭേദഗതി പാസ്സാക്കി. കുറച്ചു പേർ അതിനെതിരെ പ്രതിഷേധം ഉയർത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഫലത്തിൽ കൂടുതൽ തുക മുടക്കുന്ന കോർപറേറ്റുകൾക്കു ഇന്ത്യൻ ജനാധിപത്യം ലേലം ചെയ്തു എടുക്കാനുള്ള അവസരമായി പൊതുതിരഞ്ഞെടുപ്പ് മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *