ന്യൂഡല്‍ഹി:
വയനാട്ടില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ സംസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അമേഠിയാണ് തന്‍റെ കര്‍മഭൂമിയെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കഴിഞ്ഞ ദിവസം ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു മത്സരിക്കണമെന്ന അതാതു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ ആവശ്യത്തെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ബഹുമാനിക്കുന്നതായി സുര്‍ജെവാല പറഞ്ഞു.
അതേസമയം, അമേഠിക്കു പുറമേ മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇനിയും തീരുമാനമെടുത്തിട്ടില്ല. അക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ രണ്ടാമത്തെ മണ്ഡലം ഏതാണെന്ന കാര്യം വ്യക്തമാവുകയുള്ളു. രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വയനാട് ആയിരിക്കുമെന്നാണ് എ.ഐ.സി.സിയിലെ മുതിര്‍ന്ന വക്താക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം വടകരയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിലും അവ്യക്തത തുടരുകയാണ്.
നേരത്തെ വയനാട്ടില്‍ മത്സരിക്കണമെന്ന് വയനാട്ടില്‍ മത്സരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് കെ.പി.സി.സിയുടെ ആവശ്യം, മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
നാല് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കിയത്. ഇതില്‍ ആറ്റിങ്ങലിലും ആലപ്പുഴയിലും പിന്നീട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. വടകരയില്‍ കെ. മുരളീധരനും വയനാട്ടില്‍ ടി. സിദ്ദിഖും പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇവരെ ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വരും മുമ്പ് സംസ്ഥാന ഘടകം ഇതില്‍ സ്ഥിരീകരണം നല്‍കിയ പ്രചാരണം തുടങ്ങിയതില്‍ എ.ഐ.സി.സിക്ക് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു.