Sat. Apr 20th, 2024
ന്യൂഡൽഹി:

ലോൿപാലിന്റെ അംഗങ്ങളായി നിയമിതരായ എട്ടുപേരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുക്കുമെന്ന് അധികാരികൾ അറിയിച്ചു. ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന്റെ സത്യപ്രതിജ്ഞ, ശനിയാഴ്ച നടന്നിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്.

വിവിധ ഹൈക്കോടതികളിലെ മുൻ ജഡ്ജിമാരായ, ജസ്റ്റിസ് ദിലീപ് ബി. ഭോസ്ലേ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി എന്നിവരും, ഛത്തീസ്‌ഗഢ് ഹൈക്കോടതിയിലെ ഇപ്പോഴത്തെ ജഡ്ജിയായ അജയ് കുമാർ ത്രിപാഠിയുമാണ് ലോൿപാലിലെ ജുഡീഷ്യൽ അംഗങ്ങളായി നിയമിതരായിരിക്കുന്നത്.

സശസ്ത്ര സീമാ ബല്ലിലെ ആദ്യത്തെ വനിതാ ചീഫും, മുൻ ഉദ്യോഗസ്ഥയുമായ, അർച്ചന രാമസുന്ദരം, മഹാരാഷ്ട്രയിലെ മുൻ ചീഫ് സെക്രട്ടറി ദിനേഷ് കുമാർ ജെയിൻ, മുൻ ഐ.ആർ.എസ്. ഓഫീസറായ മഹേന്ദർ സിംഗ്, ഗുജറാത്ത് കേഡറിലെ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇന്ദ്രജീത് പ്രസാദ് ഗൌതം എന്നിവരാണ് ലോൿപാലിലെ ജുഡീഷ്യലിതര അംഗങ്ങൾ.

ഈ എട്ട് അംഗങ്ങളാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്.

ലോ‌ൿപാലായി സേവനമനുഷ്ഠിക്കുന്നയാൾക്കും, അംഗങ്ങൾക്കും അഞ്ചു വർഷമോ, അല്ലെങ്കിൽ അവർക്ക് 70 വയസ്സു തികയുന്നതുവരെയോ ആണ് സേവനകാലാവധി.

ലോൿപാലിന്റെ ശമ്പളവും ആനുകൂല്യങ്ങളും, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സിന്റേതിനു തുല്യമാണ്. അംഗങ്ങൾക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും, സുപ്രീം കോടതിയിലെ ജഡ്ജിയുടേതിനു തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *