Fri. Mar 29th, 2024
വാഷിംഗ്‌ടൺ ഡി.സി:

സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്താനിരുന്ന ബഹിരാകാശ നടത്തം(Spacewalk) ശരിയായ അളവിലുള്ള സ്പേസ്സ്യൂട്ടുകൾ വേണ്ടത്ര ഇല്ലെന്ന കാരണത്താൽ നാസ ഭാഗികമായി റദ്ദ് ചെയ്തു. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആദ്യ വനിതാബഹിരാകാശ നടത്തം മാർച്ച് 29 ന് നടക്കും എന്ന് നാസ നേരത്തെ അറിയിച്ചിരുന്നു. ബഹിരാകാശ യാത്രികരായ അന്ന മക്ക്ലൈൻനും ക്രിസ്റ്റീന കോച്ചും ആയിരിന്നു ഈ ദൗത്യത്തിൽ പങ്കെടുക്കാനിരുന്നത്.

അന്തർദ്ദേശീയ ബഹിരാകാശ സ്റ്റേഷന് (ISS) പുറത്തുകൂടെ നടന്ന് പുതിയ ബാറ്ററികൾ ഇൻസ്റ്റാൾ ചെയ്യുക എന്നതായിരുന്നു ദൗത്യം. മുൻകാലങ്ങളിൽ ഇത്തരം ദൗത്യങ്ങൾ പുരുഷൻമാരോ, പുരുഷന്മാരും സ്ത്രീകളും ചേർന്നോ ആയിരുന്നു നടത്തിയിരുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് സ്പേസ്സ്സ്യൂട്ടിന്റെ കുറവുമൂലം പദ്ധതി ഭാഗികമായി റദ്ദ് ചെയ്തതായി നാസ അറിയിച്ചത്. മക്ക്ലൈൻ തന്റെ ആദ്യ ബഹിരാകാശ നടത്തത്തിൽ നിന്നും മനസ്സിലാക്കിയത് കട്ടികൂടിയ ഇടത്തരം വലിപ്പമുള്ള മേൽക്കുപ്പായമാണ് തനിക്ക് യോജിക്കുന്നത് എന്നാണ്. അത്തരത്തിലുള്ള ഒരെണ്ണമേ വെള്ളിയാഴ്ചത്തേക്ക് തയ്യാറാവൂ, അത് ക്രിസ്റ്റീന കോച്ചിനുള്ളതാണ്.

മക്ക്ലൈൻ കഴിഞ്ഞ ആഴ്ച ഒരു ബഹിരാകാശ നടത്തം ചെയ്തിരുന്നു, അത്തരത്തിൽ ചെയ്യുന്ന 13 മത് വനിതയായി മാറിയിരുന്നു അതോടെ മക്ക്ലൈൻ. ക്രിസ്റ്റീന കോച്ച്‌ 14 മത് വനിതയാവും, അവരുടെ നടത്തം സാധ്യമാവുകയാണെങ്കിൽ.

സ്പേസ് സ്യൂട്ട് പാകമായി കിട്ടുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള സംഗതിയാണ്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി (microgravity) സഞ്ചാരിയുടെ നീളം കൂട്ടും എന്നതിനാലാണ് ഇത്. മക്ക്ലൈന്റെ ആദ്യ ബഹിരാകാശ യാത്രയിൽ രണ്ടിഞ്ച് നീളം കൂടുതലായിരുന്നു.

ഏപ്രിൽ 8 നാണ് മക്ക്ലൈന്റെ അടുത്ത നടത്തം താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതും ചെയ്തതുമായ ബഹിരാകാശ നടത്തങ്ങൾ പുരുഷന്മാരോട് ചേർന്നുള്ളതാണ്.

2013 ലെ ബഹിരാകാശ യാത്രികർക്കായുള്ള ക്ലാസ്സിൽ പങ്കെടുത്തവരാണ് അന്ന മക്ക്ലൈനും, ക്രിസ്റ്റീന കോച്ചും. ഈ ക്ലാസ്സിൽ പങ്കെടുത്തവരിൽ പകുതി പേരും സ്ത്രീകളായിരുന്നു. ക്ലാസിൽ പങ്കെടുക്കുന്നതിനായി നാസക്ക് ലഭിച്ച ഏറ്റവും വലിയ രണ്ടാമത്തെ അപേക്ഷകരുടെ പട്ടികയായ 6,100 ലധികം പേരിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും പുതുതായി നടന്ന ക്ലാസ്സിലും അമ്പതു ശതമാനം പേർ സ്ത്രീകളായിരുന്നു എന്ന് നാസ പറഞ്ഞു. 1978 ൽ നാസയിൽ ബഹിരാകാശ യാത്രികരായി ആകെ 6 വനിതകളാണ് ഉണ്ടായിരുന്നത്. നിലവിൽ, നാസയിലെ ബഹിരാകാശ യാത്രികരിൽ 34 ശതമാനവും സ്ത്രീകളാണ്.

35 വർഷം മുൻപ്, സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ സ്വറ്റ്ലാന സവിറ്റ്സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത. 500 ലധികം ആളുകൾ ബഹിരാകാശത്തേക്ക് യാത്രചെയ്തിട്ടുണ്ടെങ്കിലും ഇതിൽ 11% സ്ത്രീകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *