മസ്കത്ത്:
ബോയിങ് 737-8 മാക്സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിൽ, ഒമാൻ എയർ മസ്കത്ത്–കോഴിക്കോട് റൂട്ടില്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി. കോഴിക്കോടിനു പുറമെ, സലാല, ദുബായ്, ബഹ്റൈന്‍, സൗദി അറേബ്യ, സന്‍സിബാര്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഒമാൻ എയറിന് മാക്സ് 8 ശ്രേണിയിലുള്ള അഞ്ചു വിമാനങ്ങളാണുള്ളത്. ഉച്ചക്ക് 2.10 ന് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഡബ്ല്യു.വൈ 293 വിമാനവും, തിരിച്ച് 7.45ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ഡബ്ല്യു.വൈ 294 വിമാനവുമാണ് റദ്ദാക്കിയത്. മൊത്തം 56 സർവിസുകളാണ് റദ്ദാക്കിയത്. ഇന്നലെ 14 സർവീസുകൾ റദ്ദാക്കി. ഇന്ന് 18 ഉം ശനിയാഴ്ച 24 ഉം സർവീസുകളും ഉണ്ടായിരിക്കില്ലെന്ന് ഒമാൻ എയർ അറിയിച്ചു.
റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക്, തൊട്ടടുത്ത സീറ്റൊഴിവ് ലഭ്യമായ വിമാനങ്ങളിൽ റീബുക്കിങ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ +96824531111 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. റീബുക്കിങ്ങിൽ തൃപ്തരല്ലാത്തവർക്ക് മറ്റൊരു തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം. ബുക്ക് ചെയ്ത അതേ ക്ലാസിൽ മാത്രമേ ഈ ബുക്കിങ് അനുവദിക്കുകയുള്ളു.
നിലവിൽ ബുക്ക് ചെയ്ത തീയതിക്ക് 30 ദിവസത്തിനുള്ളിലെ തീയതിയാണ് തിരഞ്ഞെടുക്കണ്ടേത്. ഇങ്ങനെ മാറ്റി ബുക്ക്ചെയ്യാൻ ഒരു അവസരം മാത്രമാണ് ലഭ്യമാവുക. ഒമാൻ എയറിന്റെ ബഹ്റൈൻ, സൗദി സർവിസുകൾ നാട്ടിൽനിന്നുള്ളവരടക്കം കണക്ഷൻ സർവിസിന് ഉപയോഗിക്കുന്നതാണ്. എത്യോപ്യയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737-8 മാക്സ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഒമാന്‍ സിവില്‍ ഏവിയേഷനും ഒമാന്‍ എയറും നിര്‍ത്തിവെച്ചിരിക്കുന്നത്. ഫ്ളൈ ദുബായ് സര്‍വീസ് നിര്‍ത്തിയത് മസ്കത്ത് സര്‍വീസിനെ ബാധിച്ചു.
ബോയിങ് 737 മാക്സ് എട്ട് എയർക്രാഫ്റ്റുകൾക്ക് കുവൈത്തും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് സർവീസുകൾക്കും വിലക്ക് ബാധകമായിരിക്കും, സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിമാനങ്ങൾ പാട്ടത്തിന് നൽകുന്ന കുവൈത്ത് കമ്പനിയായ അലാഫ്കോ, നിലവിൽ തങ്ങളുടെ എയർക്രാഫ്റ്റ് ശ്രേണിയിലുള്ള 64 വിമാനങ്ങളിൽ 737 മാക്സ് 8 ഇല്ലെന്ന് അറിയിച്ചു. ബ്രിട്ടൻ, തുർക്കി, ഫ്രാൻസ് തുടങ്ങി 40 രാജ്യങ്ങൾ അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ മാക്സ് എട്ട് സീരീസിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ മാക്സ് എട്ട് വിമാനങ്ങൾ സുരക്ഷിതമാണെന്ന് പറഞ്ഞ അമേരിക്കയും നിലപാടിൽ മാറ്റം വരുത്തി വിലക്കിന്റെ പാതയിലേക്ക് നീങ്ങിയതായാണ് റിപ്പോർട്ടുകൾ.