നിയോൺ:
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. അഞ്ചു തവണ ചാമ്പ്യന്മാരായ ബാഴ്‌സലോണയും, മൂന്നു തവണ കപ്പിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നതാകും ക്വർട്ടറിലെ ഗ്ലാമർ പോരാട്ടം. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, ക്രിസ്റ്റ്യാനോയുടെ യുവൻറസിന് അയാക്സാണ് എതിരാളി. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന്, പോർട്ടോയാണ് എതിരാളി.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ ഒരിക്കൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽപ്പിക്കാനായത്. അന്ന് സെമിയിൽ ബാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച യുണൈറ്റഡ് ഫൈനലിൽ ചെൽസിയെയും മറികടന്ന് കിരീടം നേടുകയും ചെയ്തു. യുണൈറ്റഡിന്റെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമായരുന്നു അത്. അഞ്ചു തവണ ഇരുവരും ഏറ്റമുട്ടിയപ്പോൾ നാലു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. മൂന്ന് തവണ ബാഴ്സയ്ക്കായിരുന്നു ജയം. 2009 ലും 2011 ലും നടന്ന മത്സരങ്ങളിലും ബാഴ്സയ്ക്കായിരുന്നു ജയം. ബാഴ്സക്ക് ആദ്യപാദ മത്സരം ഓൾഡ് ട്രാഫോഡിലാണ്.
യൂറോപ്പ് ലീഗിൽ ആഴ്സനലും നാപോളിയും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടും. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിക്ക് സ്ലാവിയയാണ് എതിരാളി. സ്പാനിഷ് ക്ലബുകളായ വലൻസിയും വിയ്യാറയലും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, ബെൻഫിക്കക്ക് ഫ്രാങ്ക്ഫർട്ടാണ് എതിരാളി. ഏപ്രിൽ 11, 18 തീയതികളിലാണ് മത്സരങ്ങൾ.