Thu. Jan 23rd, 2025
സൗദി അറേബ്യ:

മതിയായ കാരണമുണ്ടെങ്കിൽ, തൊഴിലുടമയുടെ അനുമതിയില്ലാതെയും ഗാർഹിക ജോലിക്കാർക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ, മൂന്നുമാസം തുടർച്ചയായോ, ഇടവിട്ട മാസങ്ങളിലോ വേതനം നൽകാതിരിക്കുക, ഗാർഹിക വിസയിൽ എത്തുന്നവർ, വിമാനത്താവളങ്ങളിലോ, അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യത്തിൽ, ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

കൂടാതെ നിശ്ചിത സമയത്തിനകം തൊഴിലുടമ ഇഖാമ നൽകാതിരിക്കുക, സ്‌പോൺസർഷിപ്പ് മാറാതെ മറ്റു വീടുകളിൽ ജോലിയ്ക്കു അയയ്ക്കുക, അന്യായമായി ഒളിച്ചോടിയതായി പരാതിപ്പെടുക തുടങ്ങിയ ഘട്ടങ്ങളിലും തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്നു മന്ത്രാലയം വ്യക്തമാക്കി.

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഈ തീരുമാനം ഏറ്റവും അനുഗ്രഹമാകുക ഹൗസ് ഡ്രൈവര്‍മാർക്കായിരിക്കും. മലയാളികൾ ആണ് ഈ മേഖലയിൽ കൂടുതൽ ഉള്ളത്. ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായും, വിസ കിട്ടാനുള്ള എളുപ്പം മൂലവും ധാരാളം പേർ ഹൗസ് ഡ്രൈവര്‍, പരിചാരകർ, കുക്ക്, തോട്ടക്കാരൻ തുടങ്ങിയ ഗാർഹിക വിസകളിൽ വന്നു ദുരിതം അനുഭവിക്കുന്നുണ്ട്. നല്ല സ്പോൺസർ അല്ലെങ്കിൽ ശമ്പളവും, ഭക്ഷണവും കൃത്യമായി ലഭിക്കാതെ നാട്ടിൽ പോകാൻ പോലും സാധിക്കാതെ കുടുങ്ങി പോകും എന്നതാണ് അവസ്ഥ‌. ജോലി മാറിപ്പോകാൻ സ്പോൺസർ സമ്മതിക്കുകയുമില്ല. ജോലി മാറാൻ ശ്രമിച്ചാൽ തന്നെ കള്ളക്കേസിലോ, ഹുറൂബ് ആക്കിയോ നിയമക്കുരുക്കിൽ പെടുത്തുന്നതും സാധാരണമായിരുന്നു.

സ്‌പോൺസർഷിപ്പ് സ്വയം മാറാനുള്ള സാഹചര്യം വരുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സ്‌പോൺസറുടെ കൂടെ ജോലി ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഗാർഹിക തൊഴിലാളികൾ.

Leave a Reply

Your email address will not be published. Required fields are marked *