Wed. May 8th, 2024
തിരുവനന്തപുരം:

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാല്പത്തി ഒൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ സംവിധാനം ചെയ്ത ‘ആമി’, ഉപാധ്യക്ഷ ബീനാപോൾ ചിത്രസംയോജനം നടത്തി ഭർത്താവ് വേണു സംവിധാനം ചെയ്ത ‘കാർബൺ’ എന്നീ ചിത്രങ്ങൾക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. ചലച്ചിത്ര അക്കാദമിയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുള്ള ചിത്രങ്ങൾ പുരസ്‌കാരങ്ങൾക്കായി പരിഗണിക്കരുതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ഉണ്ടായിട്ടും ഈ ചിത്രങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചത് വാർത്തയായിരുന്നു. കമലിന്റെയും ബീനാപോളിന്റെയും നടപടിക്കെതിരെ, ഫേസ്ബുക്ക് കുറിപ്പിലാണ്, സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധാനത്തിനുള്ള പ്രത്യേക പരാമർശം ‘ചോല’ എന്ന ചിത്രത്തിലൂടെ ലഭിച്ച സനൽ കുമാർ ശശിധരൻ വിമർശനം ഉന്നയിച്ചത്.

സനൽ കുമാർ ശശിധരന്റെ കുറിപ്പ്:

ഇത്രയും ഇൻഫ്ലുവെൻഷ്യൽ ആയിട്ടുള്ള ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരു ജനാധിപത്യ സ്ഥാപനത്തിന്റെ ആകെ വിശ്വാസ്യതയെ തകർക്കാൻ ചില്ലറ ഉളുപ്പില്ലായ്മയൊന്നും പോര. നീതി എന്നത് ഒരു വിശ്വാസവും കൂടിയാണ്. ഈ അവാർഡുകൾക്ക് കൂടുതൽ അർഹരാണെന്ന് കരുതുന്ന ആളുകൾ ഇവ സ്വജനപക്ഷപാതം കൊണ്ട് അട്ടിമറിക്കപ്പെട്ടതാണെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ? ഒന്നുകിൽ ബീനാപോളും കമലുമൊക്കെ ഈ സ്ഥാനം രാജിവെക്കണം അല്ലെങ്കിൽ സ്വന്തം വ്യക്തിതാല്പര്യം പ്രത്യക്ഷത്തിൽ നിഴലിക്കുന്ന സിനിമകൾ അവാർഡിനയക്കരുത് എന്ന നിയമം പാലിക്കണം. ഇത് വെള്ളരിക്കാപ്പട്ടണമല്ല.

മികച്ച പശ്ചാത്തല സംഗീതത്തിനും മികച്ച ഗായികയ്ക്കുമുള്ള പുരസ്‌കാരങ്ങളാണ് കമൽ സംവിധാനം ചെയ്ത ‘ആമി’ എന്ന ചിത്രത്തിന് ലഭിച്ചത്. മികച്ച ഛായാഗ്രഹണം, മികച്ച സംഗീത സംവിധാനം, മികച്ച സിങ്ക് സൗണ്ട്, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദ ഡിസൈൻ, മികച്ച ലബോറട്ടറി/ കളറിസ്റ്റ് എന്നീ പുരസ്‌കാരങ്ങളാണ് ബീന പോൾ ചിത്രസംയോജകയായിരുന്ന, കാർബണിന് ലഭിച്ചത്. അക്കാദമി ജീവനക്കാർ ഉൾപ്പെട്ടിട്ടുള്ള സിനിമകൾ, പുരസ്‌കാരത്തിനായി പരിഗണിക്കരുതെന്ന നിയമം ഉള്ളപ്പോൾ, വിവാദങ്ങൾ ഉണ്ടാവരുതെന്ന് കണ്ടുകൊണ്ടാണ് മന്ത്രിയുടെ ഓഫീസ്, ചിത്രങ്ങൾ പരിഗണിക്കരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചത്. എന്നാൽ ഇവർ ഭാഗമായ ചിത്രങ്ങൾ, മറ്റു പുരസ്‌കാരങ്ങൾക്കു പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി, രണ്ടു ചിത്രങ്ങളെയും പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *