സൗദി അറേബ്യ:
സൗദി അറേബ്യയിൽ, ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും. പാസ്പോർട്ട്, എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ, വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായി, ഒമാനിലെ ഇന്ത്യാക്കാർക്കുള്ള പാസ്പോർട്ട് സേവനങ്ങളും അടുത്തമാസം മൂന്നു മുതൽ ഓൺലൈൻ വഴി ആക്കുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മാർച്ച് 10 വരെ, സമാന്തരമായി പഴയ രീതിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ആദ്യഘട്ടമെന്ന നിലയിലാണ് സൗദിയിലും ഒമാനിലും പദ്ധതി നടപ്പാക്കുന്നത്.
സൗദിയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർ, https://embassy.passportindia.gov.in/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താൽ യൂസർ ഐഡിയും പാസ്‌വേർഡും ലഭിക്കും. ഇതുവച്ച് ലോഗിൻ ചെയ്താൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാം. പാസ്‌പോർട്ട് എടുക്കാനും, പുതുക്കാനുമുള്ള അപേക്ഷയ്ക്കു പുറമെ എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സറണ്ടർ, ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഓൺലൈനിൽ സൌകര്യമുണ്ട്.
ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റെടുത്ത്, ഫോട്ടോ പതിച്ച ശേഷം വി.എഫ്.എസ് ഓഫീസർ മുൻപാകെ എത്തിയാണ് ബന്ധപ്പെട്ട കോളത്തിൽ ഒപ്പിടേണ്ടത്. മതിയായ രേഖകളും ഫീസും സഹിതം വി.എഫ്.എസ്സിൽ സമർപ്പിച്ചാൽ, നിശ്ചിത ദിവസത്തിനകം സേവനം പൂർത്തീകരിച്ച് തിരികെ ലഭിക്കും. തങ്ങളുടെ ജോലി ഒഴിവ് അനുസരിച്ച് സമയം നിജപ്പെടുത്തി വി.എഫ്.എസ്സിലെത്തി സേവനം പൂർത്തീകരിക്കാൻ തീയതിയും സമയവും ഓൺലൈൻ വഴി ബുക്ക് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. പണമടയ്ക്കാനും ഫോട്ടോ എടുക്കാനുമുള്ള സംവിധാനം വൈകാതെ ലഭ്യമാക്കുന്നതോടെ സേവനം പൂർണമായും ഓൺലൈനാകും.