Fri. Apr 26th, 2024
അടിമാലി:

ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മുരിക്കാശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറത്തോട് ഇരുമലക്കപ്പ് വരിക്കാനിക്കല്‍ ജയിംസ് ജോസഫ് (54) ആണ് പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷനില്‍ ജീവനൊടുക്കിയത്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് ജപ്തി നടപടിക്ക് നോട്ടിസ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ.

മകളുടെ നഴ്‌സിങ് പഠനത്തിനായി 2012 ല്‍ രണ്ടര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീടുണ്ടായ കൃഷി നാശവും, കാര്‍ഷിക വിളകളുടെ നാശവും കാരണം വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നു. കട ബാധ്യത വര്‍ദ്ധിച്ചതോടെ, ജയിംസും കുടുംബവും താമസിച്ചിരുന്ന, ഇരുമലക്കപ്പിലെ രണ്ടര ഏക്കര്‍ കൃഷി സ്ഥലവും വീടും 9 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. കാലവര്‍ഷത്തില്‍ ഈ സ്ഥലം വാസയോഗ്യമല്ലാതായതോടെ, ഒരു വര്‍ഷം മുന്‍പ് മുരിക്കാശ്ശേരിയില്‍ വാടക വീട്ടിലേക്ക് മാറി. ഇതിനിടെയാണ് 2 ദിവസം മുന്‍പ് ബാങ്കില്‍ നിന്നും 4,64,173 രൂപയുടെ ജപ്തി നോട്ടിസ് ജയിംസിനു ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ജയിംസിനെ നിരന്തരം വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നു, ജയിംസ്, മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ വാടക വീട്ടില്‍ നിന്ന് പെരിഞ്ചാന്‍ കുട്ടി പ്ലാന്റേഷനില്‍ എത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ ഏഴു കര്‍ഷകരാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.

മൃതദേഹം, അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം പിന്നീട്. ഭാര്യ: ലൗലി, മക്കള്‍: എബിന്‍, എബിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *