Tue. Apr 23rd, 2024
തിരുവനന്തപുരം:

നിലമ്പൂരിലെ, ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍, ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പീഡനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട്, പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷനു പരാതി ലഭിച്ചു. ആദിവാസി വിദ്യാര്‍ത്ഥിയായ സതീഷ്‌ മരിക്കാന്‍ ഇടയായ സാഹചര്യവും, വിദ്യാര്‍ത്ഥികളെ, ലൈംഗിക ചൂഷണം നടത്തുന്നതും, ശാരീരികമായി ഉപദ്രവിക്കുന്നതും ഉള്‍പ്പെടെ അന്വേഷണം നടത്തണം എന്ന ആവശ്യമുന്നയിച്ചാണ്, ദലിത് ആദിവാസി സമൂഹങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടന പരാതി നല്‍കിയിരിക്കുന്നത്.

നിലമ്പൂരിന് സമീപമുള്ള ആദിവാസി കോളനികളിലെ 504 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഒന്ന് മുതല്‍ 12ആം ക്ലാസുവരെയാണ് ഇവിടെ ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണുള്ളത്. മുന്‍ പി.ടി.എ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ എം.ആര്‍. ചിത്രയോടാണ് സ്‌കൂളിലെ ഏതാനും കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായ, നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്റേയും, ശാന്തയുടേയും മകനായ, സതീഷ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തത് മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളും നാടുകാരും ആരോപിക്കുന്നത്.

പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അധ്യാപകര്‍ നടത്തിയതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. പ്രധാന അദ്ധ്യാപിക സൗദാമിനി ഉള്‍പ്പെടെയുള്ളവര്‍ കുട്ടികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നാണ് രക്ഷിതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നത്. നിരവധി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളെ സംബന്ധിച്ച് അധ്യാപകരായ ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുട്ടികള്‍ മൊഴിനല്‍കിയത്.

സതീഷ്‌

സ്‌കൂളിലെ ആദിവാസി കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍, പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആദിവാസി ഗോത്ര മഹാസഭ ആരോപിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ എന്നീ അദ്ധ്യാപകര്‍ക്കെതിരെ പോക്‌സോ, എസ്.സി.എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *