Wed. Nov 6th, 2024
ന്യൂഡൽഹി:

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുവാൻ സച്ചിൻ എല്ലാ ആരാധകരോടും ആഹ്വാനം ചെയ്തു.

നാല് വിഭാഗങ്ങളിലുള്ള മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് ധനസമാഹരണത്തിനായി സംഘടിപ്പിച്ചിരുന്നത്. ജവഹർലാൽ സ്റ്റേഡിയത്തിൽ മാരത്തണിൽ പങ്കെടുത്ത സച്ചിന്‍ മറ്റുള്ളവർക്കൊപ്പം അതിനു മുന്നേ പുഷ്അപ്പ് എടുക്കുകയും ചെയ്തു. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ആയിരങ്ങൾ പങ്കെടുത്ത പരിപാടിക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിക്കാൻ സാധിച്ചത്.

ഇതിനു പിന്നാലെ അപകടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവരും രംഗത്തു വന്നിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ബഹിഷ്കരണമല്ല പാകിസ്താനെ കളിച്ചു തോൽപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു സച്ചിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *