Fri. Apr 26th, 2024
ന്യൂഡല്‍ഹി:

പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിന് പാകിസ്ഥാൻ്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും തിരിച്ചടി ഉണ്ടാവുമെന്നുമുള്ള സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ആദ്യം മുതല്‍ ഉണ്ടായിരുന്നു.

സര്‍വനാശം വിതക്കുന്ന യുദ്ധങ്ങളും ഡൂംസ് ഡേ ക്ലോക്കും

കഴിഞ്ഞ 55 വര്‍ഷത്തെ ആണവ ഭീകരത അളക്കുന്ന ബാരോ മീറ്ററാണ് “ഡൂംസ് ഡേ ക്ലോക്ക്” എന്ന സാങ്കല്‍‌പിക ഘടികാരം. ആണവ ഭീതി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്ലോക്ക് മുന്നോട്ട് നീങ്ങുകയും ഇത് പന്ത്രണ്ടിലെത്തുമ്പോൾ അഥവാ മിഡ്നൈറ്റ് ഹവറിലെത്തുമ്പോള്‍ ലോകം അവസാനിക്കുമെന്നുമാണ് വിലയിരുത്തല്‍. അമേരിക്ക ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 1947 ല്‍ മന്‍ഹാട്ടന്‍ പ്രൊജക്ടിന്‍റെ ഭാഗമായാണ് ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്‍റിസ്റ്റ്സ് മാഗസിന്‍ ഇത്തരമൊരു  സാങ്കല്‍‌പിക ഘടികാരത്തിന് തുടക്കമിടുന്നത്. വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ലോകം സര്‍വനാശത്തിലേക്ക് കൂപ്പുകുത്താനുള്ള സമയം കുറഞ്ഞു വരുന്നതായും ലോകരാജ്യങ്ങള്‍ തമ്മിലുളള സൌഹാര്‍ദ്ദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ അപകട ഭീഷണി ഒഴിവാക്കാനാകൂവെന്നാണ് ശാസ്ത്രലോകത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ ഇനിയുമൊരു യുദ്ധം ഉണ്ടായാല്‍ അത് ഏതൊക്കെ തരത്തിലായിരിക്കും ജനങ്ങളെ ബാധിക്കുക എന്നതിനെ സംബന്ധിച്ചും യുദ്ധത്തിന്റെ നശീകരണ സ്വഭാവത്തെ കുറിച്ചും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടുമൊരു യുദ്ധത്തിലേക്ക് എന്ന പ്രതീതി ഉണ്ടാവുന്നത്. 12 മിറാഷ് വിമാനങ്ങൾ വഴി ആയിരം കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലക്രമണം.

1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ ഇതിനു മുന്‍പ് പാക്ക് അതിർത്തി ലംഘിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യന്‍ സേന തയാറായിരുന്നില്ല എന്ന് കൂടി ഓര്‍ക്കുമ്പോഴാണ് നിലവിലെ സാഹചര്യത്തിന്‍റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുകയുള്ളു. പാക്ക് വ്യോമസേനയുടെ കണ്ണുവെട്ടിച്ച് അവരുടെ മണ്ണിലെത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ് എന്ന് പറയുമ്പോഴും പുല്‍വാമ ആക്രമണത്തിന്‍റെ പേരില്‍ ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ വെറുതേയിരിക്കില്ലെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം തള്ളി കളയാന്‍ സാധിക്കില്ല.

ആണവായുധങ്ങള്‍ കൈവശം വെച്ച രാജ്യങ്ങള്‍

നിലവിലെ സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇരു രാജ്യങ്ങളും തങ്ങളുടെ കയ്യിലുള്ള ആണവായുധങ്ങള്‍ വരെ പ്രയോഗിക്കാന്‍ മടി കാണിക്കില്ല എന്നതിന്‍റെ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒരു ആണവ യുദ്ധം ഉണ്ടായാല്‍ ഏറ്റവും കുറഞ്ഞത് 21 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ഓസോണ്‍ പാളിയുടെ സുരക്ഷ നിലവിലുള്ളതിന്‍റെ പാതിയും നശിക്കും. യു.എസ് സര്‍വകലാശാലകളിലെ ഗവേഷകരുടെ കൂട്ടമാണ്‌ ഇത്തരമൊരു കണക്ക് 2007 ല്‍ പുറത്ത് വിടുന്നത്.

ഇന്റര്‍നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ന്യുക്ലിയര്‍ വാര്‍ എന്ന ആഗോളതലത്തിലുള്ള ഫിസിഷ്യന്‍സിന്‍റെ കൂട്ടായ്മയുടെ 2013ലെ കണക്കുകള്‍ പ്രകാരം ഇനിയുമൊരു ആണവ യുദ്ധം ഉണ്ടായാല്‍ രണ്ട് ബില്യണ്‍ ആളുകള്‍ ദാരിദ്രം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്ന് പറയുന്നുണ്ട്. 2015 ലെ ബുള്ളറ്റില്‍ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്സിന്‍റെ കണക്ക് പ്രകാരം  110 മുതല്‍ 130 വരെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍റെ കൈവശമുണ്ട്. 110 മുതല്‍ 120 വരെ യുദ്ധോപകരണങ്ങളാണ് ഇന്ത്യ കരുതി വെച്ചിരിക്കുന്നത്. പാകിസ്ഥാന്‍റെ കൈവശമുള്ളതില്‍ ഏതാണ്ട് 66 ശതമാനവും ബാലിസ്റ്റിക് മിസൈലുകളുടെ രൂപത്തില്‍ ആണെന്നാണ്‌ കണക്ക്.

 

ഇത്തരത്തിലുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക്ക് മിസൈലിന്‍റെ ഗൌരവസ്വഭാവമുള്ള ഒരു ആക്രമണമുണ്ടായാല്‍ അത് ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് മെട്രോപൊലിറ്റന്‍ നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവയെ ലക്ഷ്യം വെക്കാന്‍ സാധിക്കും. 1,300 കിലോമീറ്റർ ആക്രമണപരിധിയുള്ള ഗോറി ബാലിസ്റ്റിക് മിസൈലിന്റെ പ്രഹരശേഷിക്കുള്ളിൽ ഡല്‍ഹി, ജെയ്പൂര്‍, അഹമ്മദാബാദ്, മുംബൈ, പൂനെ, നാഗ്പൂര്‍, ഭോപാല്‍, ലഖ്നൌ എന്നിങ്ങനെ ഒട്ടേറെ ഇന്ത്യൻ നഗരങ്ങളും ഉൾപ്പെടുന്നുണ്ട്.

പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ച 2750 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ള ഷഹീന്‍ മിസൈല്‍ പരമ്പരയിലെ മൂന്നാമത്തെ മിസൈലിന് കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള മിക്ക ഇന്ത്യന്‍ നഗരങ്ങളെയും ലക്ഷ്യം വെക്കാനാവും. പാകിസ്ഥാന് സമാനമായ രീതിയില്‍ പ്രിത്വി, അഗ്നി എന്നിവയാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇന്ത്യയുടെ ആണവ യുദ്ധ മുഖത്തിന്റെ 53 ശതമാനം ഇവയാണെന്ന് ആറ്റോമിക് സയന്റിസ്റ്റുകളുടെ ബുള്ളറ്റില്‍ പറയുന്നു. പാകിസ്ഥാനിലെ ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ നഗരങ്ങളെ നിഷ്പ്രയാസം നശിപ്പിക്കാന്‍ ഇവക്ക് സാധിക്കും.

700 മുതല്‍ 2000 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ള ഇന്ത്യയുടെ അഗ്നി മിസൈലുകള്‍ക്ക് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, റാവല്‍പിണ്ടി,ലാഹോര്‍,കറാച്ചി എന്നിവക്ക് പുറമേ മുള്‍ട്ടാന്‍,പെഷവാര്‍ എന്നിവ കൂടി തകര്‍ക്കാന്‍ സാധിക്കും.

പുല്‍വാമ ആക്രമണവും മോദിയുടെ ഫോട്ടോഷൂട്ടും

പാക് അധീന കശ്മീരിലാവും ഇന്ത്യ ആക്രമണം നടത്തുക എന്ന പ്രതീക്ഷയില്‍ അവിടങ്ങളിലെ ക്യാംപുകളില്‍നിന്ന് പാക്ക് ചാരസംഘടനകള്‍ ഭീകരരെ ബാലാക്കോട്ടിലെ വനമേഖലയിലെ കുന്നിന്‍ പുറത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നെത്തി ബോംബ് വര്‍ഷിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. ഭീകരരും പരിശീലകരും ഉള്‍പ്പെടെ 500 മുതല്‍ 700 വരെ ആളുകളാണ് ബാലാക്കോട്ടിലെ ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ 350 പേര്‍ കൊല്ലപ്പെട്ടുവെന്നാണു സ്ഥിരീകരിക്കപ്പെടാത്ത കണക്കുകൾ. അതേ സമയം ആളപായമേ ഉണ്ടായിട്ടില്ല എന്നാണ് പാകിസ്ഥാൻ വക്താക്കൾ പറയുന്നത്.

ഇത്തരം മിന്നലാക്രമണങ്ങളുടെ ബഹളത്തിനിടയിലും ചില ഭാഗങ്ങളില്‍ നിന്ന് സംശയങ്ങള്‍ ഉയരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് അന്വേഷിച്ചാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സത്യം പുറത്തുവരുമെന്ന് പറഞ്ഞ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ പ്രസ്താവനയാണ് അതില്‍ ആദ്യത്തേത്. പുല്‍വാമ ആക്രണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി മോദി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു എന്നും ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നിട്ടും മോദി ഷൂട്ടിങ് തുടരുകയായിരുന്നു എന്നുമാണ് രാജ് താക്കറെ പറയുന്നത്.

ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർബെറ്റിലെ ദേശീയ പാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 6:30 വരെ ഷൂട്ടിങ് തുടർന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍‌ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തിയത്.

സ്ഫോടനം നടന്ന സ്ഥലത്തിന് 10 കിലോമീറ്റർ മാത്രം അകലെ ആദിലിന് ഇത്രയും വലിയ ആർ.ഡി.എക്സ് ശേഖരവുമായി നിലയുറപ്പിക്കാനായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ അവശേഷിക്കുന്നു. സി.ആര്‍.പി.എഫ് വാഹനവ്യൂഹം കടന്നുപോകുന്ന ആ മണിക്കൂറുകളില്‍ ഇയാള്‍ക്ക് ഇത്ര സുരക്ഷിതമായി ദേശീയപാതയില്‍ കടക്കാനായത് എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരന് വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴി‍ഞ്ഞുവെന്നതും അന്വേഷണത്തിന്‍റെ പരിധിയില്‍ ഉള്ള കാര്യങ്ങളാണ്.

ഫെബ്രുവരി 5നു സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാശ്മീരില്‍ മാത്രം 93 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 176 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം കണക്കുകള്‍ രാജ്യത്ത് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് ഉണ്ടായ വീഴ്ച കൂടിയാണ് സൂചിപ്പിക്കുന്നത്.

അന്തിമ വിജയം ആരുടേത്?

യുദ്ധമുണ്ടായാല്‍ അന്തിമ വിജയം ആരുടേത് എന്നാണ് പിന്നീടുള്ള ചോദ്യം. വിജയം ആരുടെ പക്ഷത്തായിരുന്നാലും പരാജയപ്പെടുന്നത് ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങള്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹ്മദ് ദറിന്‍റെ പിതാവ് ഗുലാം ഹസന്‍ ദര്‍ രോഷത്തോടെ പറയുന്നതും അത് തന്നെയാണ്, “ഇന്ത്യന്‍ സൈനികരായാലും തങ്ങളുടെ മക്കളായാലും കാശ്മീരില്‍ മരിച്ച് വീഴുന്നത് സാധാരണക്കാരാണ്.”

ഇന്നത്തെ യുദ്ധങ്ങൾ പോയ കാലത്തെ യുദ്ധങ്ങളിൽ നിന്നു വ്യത്യസ്‌തമാണെന്നും സൈനികർക്കു പകരം സാധാരണ പൗരന്മാരാണ്‌ കൂടുതലും ഇരകളാകുന്നതെന്നും യുഎൻ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന ‘പെർസ്‌പെക്ടിവ്‌’ എന്ന പരിപാടി റിപ്പോർട്ടു ചെയ്യുന്നുണ്ട്. ആളുകൾ വീടുവിട്ട്‌ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. ജന്മനാട്ടിൽനിന്നു തുരത്തപ്പെട്ടവരും അഭയാർഥികളുമായി ലോകമൊട്ടാകെ ഇപ്പോൾ തന്നെ അഞ്ചു കോടി ആളുകളുണ്ടെന്നാണ് ആഗോള തലത്തില്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്, ഇവരിൽ പകുതിയും കുട്ടികളാണ്‌.

ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്‍റെ, ‘കുട്ടികൾക്കും സായുധ പോരാട്ടങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പ്രതിനിധി’ യായ ഓലാരാ ഓട്ടൂണൂവിന്‍റെ അഭിപ്രായത്തിൽ, 1987 മുതൽ ഏകദേശം ഇരുപതു ലക്ഷം കുട്ടികൾ സായുധ പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നുണ്ട്. അതേ കാലഘട്ടത്തിൽ തന്നെ അറുപതു ലക്ഷത്തിലധികം കുട്ടികൾക്കു ഗുരുതരമായി പരിക്കേൽക്കുകയോ സ്ഥായിയായി അംഗഭംഗം സംഭവിക്കുകയോ ചെയ്‌തിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട മൊത്തം ആളുകളിൽ വെറും 5 ശതമാനമേ സൈനികേതര പൗരന്മാരായി ഉണ്ടായിരുന്നുള്ളുവെന്നും രണ്ടാം ലോകമഹായുദ്ധത്തിൽ ഇത് 48 ശതമാനമായി വർധിച്ചതായും ഇന്ന്‌ യുദ്ധങ്ങളിൽ മരിക്കുന്ന 90 ശതമാനവും സാധാരണ പൗരന്മാരാണെന്നും യു.എൻ റേഡിയോ അഭിപ്രായപ്പെടുന്നു. അവരിൽ അധികവും സ്‌ത്രീകളും കുട്ടികളും പ്രായം ചെന്നവരുമാണ്‌.

യുദ്ധത്തിന്റെ കൂടെപ്പിറപ്പുകളാണ്‌ ക്ഷാമവും രോഗങ്ങളും. കൃഷിയും ഭക്ഷ്യോത്‌പാദനവും കുറയുകയും ആതുര സേവനങ്ങൾ തുലോം പരിമിതമായിത്തീരുകയും ചെയ്യും. ഒരു ആഫ്രിക്കൻ ആഭ്യന്തര യുദ്ധത്തിൽ മരണമടഞ്ഞവരിൽ 20 ശതമാനം രോഗത്താലും 78 ശതമാനം പട്ടിണിയാലും ആയിരുന്നെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. നേരിട്ടുള്ള പോരാട്ടങ്ങളിൽ മരണമടഞ്ഞവർ കേവലം രണ്ടു ശതമാനം മാത്രം.

“നേതാക്കൾ സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
സാധാരണക്കാർക്കറിയാം യുദ്ധം വരാറായെന്ന്” എന്ന വരികളോടെ തുടങ്ങുന്ന പാബ്ലോ നെരൂദയുടെ ‘യുദ്ധത്തെ കുറിച്ചുള്ള ജർമ്മൻപാഠപുസ്തകത്തിൽ നിന്ന്’
എന്ന കവിതയിലെ ഒരു ഭാഗം ഇങ്ങനെയാണ്:

“വരാനുള്ള യുദ്ധം ആദ്യത്തേതല്ല.
അതിനു മുമ്പ് വേറെയും യുദ്ധങ്ങളുണ്ടായിരുന്നു.
അവസാനത്തേതിനവസാനമായപ്പോൾ
തോറ്റവരും തോല്‍പിച്ചവരുമുണ്ടായി.
തോറ്റവർക്കിടയിൽ സാധാരണക്കാർ പട്ടിണി കിടന്നു.
തോല്പിച്ചവർക്കിടയിലും സാധാരണക്കാർ പട്ടിണി കിടന്നു”

Leave a Reply

Your email address will not be published. Required fields are marked *