സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡ് ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ കരീം ബെൻസേമയും ഗാരത് ബെയ്‍ലുമാണ് റയലിനായി ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റിൽ റോജർ മാര്‍ട്ടിയുടെ വകയായിരുന്നു ലെവാന്‍റെയുടെ ആശ്വാസഗോൾ.
മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‍ലറ്റികോയുടെ ജയം. 31-ാം മിനിട്ടിൽ അൽവാരോ മൊറാട്ടയും എൺപത്തിയെട്ടാം മിനിട്ടിൽ സോളും നേടിയ ഗോളുകളാണ് അത്‍ലറ്റികോയെ ജയിപ്പിച്ചത്.
ലാ ലീഗയിലെ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ ഒന്നും, അത്ലറ്റികോ മാഡ്രിഡ് രണ്ടും, റയൽ മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
ഇറ്റാലിയന്‍ ലീഗ് ഫുട്ബോളിൽ യുവന്‍റസ് ബോളോനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുവന്‍റസ് തോൽപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ പൗളോ ഡിബാല 67-ാം മിനിറ്റില്‍ നിര്‍ണായകഗോള്‍ നേടി. ക്രിസ്ത്യാനോ റൊണാൾഡോ കൂടി എത്തിയതോടെ അതിശക്തരായ യുവന്റസ് 25 കളിയിൽ 69 പോയിന്‍റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ്. ലീഗ് ചരിത്രത്തില്‍ സീസണിലെ ആദ്യ 25 മത്സരങ്ങളില്‍ 22 എണ്ണം ഒരു ടീം ജയിക്കുന്നതും ആദ്യമായാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ ആഴ്‌സനല്‍ 2-0 ത്തിന് സതാംപ്ടണേയും ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയേയും തോല്‍പ്പിച്ചു.
27 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ലിവര്‍പൂൾ ഒന്നാംസ്ഥാനത്തു തുടരുന്നു. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 65 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. 52 പോയിന്റുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് അഞ്ചാമതാണ്.