Mon. Dec 23rd, 2024
ഷാർജ:

ഏഴുദിവസം നീണ്ടുനിൽക്കുന്ന സ്തനാർബുദ പരിശോധനയ്ക്കുള്ള ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

യു.എ.ഇ. ജനതയുടെ ആരോഗ്യകരമായ ജീവിതവും അതുവഴി നല്ല ഭാവിയിലേക്കുള്ള തുടക്കവുമാണ് പിങ്ക് കാരവൻ യാത്രയുടെ ലക്ഷ്യമെന്ന് ശൈഖ് സുൽത്താൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പിങ്ക് കാരവൻ അശ്വയാത്ര തുടങ്ങിയതിനുശേഷം രാജ്യത്തെ ആയിരക്കണക്കിന് ജീവനുകളെയാണ് അർബുദമെന്ന മാരകരോഗത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.

ഈ വർഷം യാത്ര ഒരുപടികൂടി മുന്നോട്ടുപോകുമ്പോൾ രാജ്യപുരോഗതിയും ആരോഗ്യസമ്പുഷ്ടമായ ഒരു ജനതയേയുമാണ് വാർത്തെടുക്കുന്നതെന്ന് ശൈഖ് സുൽത്താൻ ഓർമിപ്പിച്ചു. ശൈഖ് സുൽത്താന്റെ ഭാര്യയും ഫ്രൺഡ്സ് ഓഫ് കാൻസർ പേഷ്യൻറ്സ് മുഖ്യരക്ഷാധികാരിയുമായ ശൈഖ്‌ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

150-ഓളം വൊളന്റിയർമാർ പങ്കെടുക്കുന്ന പിങ്ക് കാരവൻ ബോധവത്കരണ യാത്രയിൽ ഏഴ് എമിറേറ്റുകളിലായി 9000 പേരിൽ സൗജന്യ സ്തനാർബുദ പരിശോധന നടത്തും. ഇതിനായി 30 സഞ്ചരിക്കുന്ന ക്ലിനിക്കുകളും യാത്ര തീരുംവരെ ഓരോ എമിറേറ്റിലും പ്രധാന കേന്ദ്രങ്ങളിൽ ഒരു സ്ഥിരം ക്ലിനിക്കും പ്രവർത്തിക്കും.

ഈവർഷത്തെ യാത്രയുടെ പ്രത്യേകത ആദ്യമായി പരിശോധനയ്ക്കായി ജനിതക ടെസ്റ്റിങ് സംവിധാനം, നൂതന സാങ്കേതിക രീതിയിലുള്ള മിനി മൊബൈൽ ക്ലിനിക്ക് എന്നിവ ഉൾപ്പെടുത്തിയതാണ്. 200 കിലോമീറ്റർ ദൂരം സഞ്ചരിച്ചതിനുശേഷം പിങ്ക് കാരവൻ അശ്വയാത്ര മാർച്ച് ഒന്നിന് സമാപിക്കും.

പര്യടനത്തിൽ സൗജന്യ പരിശോധനയാണു നടത്തുന്നത്. യു.എ.ഇയിലെ മരണങ്ങളിൽ 24% സ്തനാർബുദം മൂലമാണെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയത്തിലെ ഹെൽത്ത് സെന്റേഴ്സ്, ക്ലിനിക്സ് ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡ് പറഞ്ഞു. രാജ്യത്ത് ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇൗ പര്യടനം ഏറെ സഹായകമാകുമെന്നു വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *