Thu. Apr 25th, 2024
പാകിസ്ഥാൻ:

ലോകത്തു നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തു ആദ്യമായി ട്രാന്സ്ജെന്ററുകൾക്കു മാത്രമായി ഒരു സ്കൂൾ തുടങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലോദ്രൻ ജില്ലയിലാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ.

തുടക്കത്തിൽ 20 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയിരിക്കുന്നത്, സർക്കാരിന്റെ സാക്ഷരതാ വകുപ്പിന് കീഴിലാണ് സ്‌കൂൾ ആരംഭിച്ചിട്ടുള്ളത്. ജില്ലാ സാക്ഷരതാ വകുപ്പ് മേധാവി ഷാസിയ നോറീൻ ആണ് സ്കൂൾ മേൽനോട്ടം വഹിക്കുന്നത്.

ട്രാന്സ്ജെന്ററുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാൻ ഈ സംരഭം സഹായകരമാകുമെന്ന് പാക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്തറിന്റെ ഔദ്യോധിക വക്താവ് ഷഹബാസ് ഗിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമ ബിൽ കഴിഞ്ഞ മെയ് മാസം പാകിസ്ഥാൻ പാർലിമെന്റിൽ അവതരിപ്പിച്ചു അംഗീകാരം നേടിയിരുന്നു. ഇത് ട്രാൻജെന്ററുകളുടെ അവകാശം ഉറപ്പു വരുത്തുന്നതോടൊപ്പം സർക്കാർ അപേക്ഷ ഫോമുകളിലും, പാസ്സ്പോർട്ടുകളിലും മറ്റും അവരുടെ ഭിന്ന ലൈംഗികത അടയാളപ്പെടുത്താനും അവസരമൊരുക്കിയിരുന്നു.

കഴിഞ്ഞ വർഷം പാകിസ്ഥാനിൽ ആദ്യമായി ഒരു ട്രാൻസ്‌ജെന്റർ സർക്കാർ ജോലി കരസ്ഥമാക്കിയിരുന്നു. സർക്കാർ അധീനതയിലുള്ള ബേനസീർ ദാരിദ്ര്യ നിർമ്മാർജ്ജന ഫൗണ്ടേഷന്റെ ആസ്ഥാനത്തു ഒരു കാന്റീനിലായിരുന്നു നോമി എന്ന ട്രാന്സ്ജെന്ററിനെ നിയമിച്ചത്.

പാകിസ്ഥാനിൽ ട്രാൻജെന്ററുകൾക്കു ലഭിക്കുന്ന അംഗീകാരം മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെ വിവിധ മേഖലയിലുള്ളവർ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *