Sat. Apr 27th, 2024
#ദിനസരികള് 679

മനോഹരമായ പുസ്തകം. വായനയ്ക്കെടുക്കുമ്പോള്‍ത്തന്നെ ഒരു തണുപ്പു വന്നു തൊടുന്ന അനുഭൂതി. അത്തരത്തിലുള്ള ഒന്നാണ് സുരേഷ് മണ്ണാറശാല എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ നദികള്‍ എന്ന പുസ്തകം. ഈ പുസ്തകം, നിങ്ങള്‍ വാങ്ങിക്കണമെന്നും, വായിക്കണമെന്നും വരുന്ന തലമുറകള്‍ക്കു സമ്മാനമായി നല്കണമെന്നും, പുസ്തകത്തിലേക്കു കടക്കുന്നതിനു മുമ്പുതന്നെ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കട്ടെ. പ്രൌഢഗംഭീരമായ ഈ സമ്മാനം ഇഷ്ടപ്പെടാത്തവരുണ്ടാകില്ല എന്ന ശൂഭ പ്രതീക്ഷയാണ് എനിക്കുള്ളത്.
നദികളെക്കുറിച്ച് നാം എത്രയോ വിശേഷണങ്ങള്‍ കേട്ടിരിക്കുന്നു. എത്രയോ കവികല്പനകള്‍ ഏറ്റു പാടിയിരിക്കുന്നു.

മലയാളത്തിന്റെ പ്രിയ കവി വയലാര്‍, നദികള്‍ നദികള്‍ നര്‍ത്തകികള്‍, നിത്യനര്‍ത്തകികള്‍, പ്രകൃതിക്കു നീരാട്ടു പനിനീരുമായ് വരും, പ്രിയസഖികള്‍ എന്നെഴുതുമ്പോള്‍ നദികളിലൂടെ ജലത്തിനു പകരം സ്നേഹം ഒഴുകിപ്പോകുന്നത് നാം കാണുന്നു, അനുഭവിക്കുന്നു.

നദികളുടെ കരകളിലാണ് മനുഷ്യവംശം പിച്ച വെച്ചു നടന്നത്. കുടിലുകളും കൊട്ടാരങ്ങളും കെട്ടിയുയര്‍ത്തിയത്. കളിസ്ഥലങ്ങളും കൃഷിയിടങ്ങളും പരുവപ്പെടുത്തിയത്. എത്രയോ സംസ്കാരങ്ങള്‍ പുണര്‍ന്നു പെറുന്നതും, പിരിഞ്ഞൊടുങ്ങുന്നതും നദികള്‍ കണ്ടിരിക്കുന്നു. എത്രയോ ജീവിതങ്ങള്‍ അവളുടെ മടിത്തട്ടില്‍ തിടംവെച്ച് തുടിപ്പാര്‍ന്നതും കണ്ടിരിക്കുന്നു. അതിരുകള്‍ കടന്നും, വരുതികളില്‍ നില്ക്കാതെയും ആ സ്നേഹപ്രവാഹം ഭൂമിയാകെ പരന്നൊഴുകി, ജീവനും ജീവിതവും നല്കുന്ന അഭയദായിനിയായി.

വന്‍കരകളില്‍ പടര്‍ന്നു പരന്നു കിടക്കുന്ന ആ സ്നേഹപ്രവാഹത്തെക്കുറിച്ചുള്ള, മഹാനദികളെക്കുറിച്ചുള്ള, മൂല്യവത്തായ ഒരു റഫറന്‍സ് ഗ്രന്ഥമാണ് ലോകത്തിലെ നദികള്‍. കാവ്യഭാഷയില്‍ അരഞ്ഞാണമെന്നും, പാദസരമെന്നുമൊക്കെ നാം വിശേഷിപ്പിക്കുന്ന നദികളുടെ പ്രാധാന്യം എക്കാലത്തേയുംകാള്‍ മനസ്സിലാക്കേണ്ട സവിശേഷ സാഹചര്യത്തിലൂടെയാണ് മനുഷ്യകുലം ഇന്നു കടന്നു പോകുന്നത്. മനുഷ്യന്റെ നിലനില്പിനും അതിജീവനത്തിനും അതോടൊപ്പം എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന നദികളെക്കുറിച്ചു മനസ്സിലാക്കുന്നത് അവയുടെ നിലനില്പിനെ സഹായിക്കുന്നതുമാണല്ലോ. ആ വഴിക്കും ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു.

ലോകത്തിലെ വിവിധ വന്‍കരകളിലെ നദികളെക്കുറിച്ചും, നദീതടങ്ങളില്‍ ഉരുവം കൊണ്ട സംസ്കാരങ്ങളെക്കുറിച്ചും, തടാകങ്ങളെക്കുറിച്ചും, വെള്ളച്ചാട്ടങ്ങളെക്കുറിച്ചും, അണക്കെട്ടുകളെക്കുറിച്ചും നദിക്കരയിലെ മഹാനഗരങ്ങളെക്കുറിച്ചും, നദീമുഖങ്ങളെക്കുറിച്ചുമൊക്കെ ഈ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. “ഉയര്‍ന്ന ഒരു പ്രദേശത്തു നിന്നും തടാകത്തിലേക്കോ കടലിലേക്കോ ഉള്ള ശുദ്ധജലപ്രവാഹമാണ് നദി. ധാരാളം ചെറിയ അരുവികളും പോഷകനദികളും ചേര്‍ന്നാണ് ഇത് രൂപം കൊള്ളുന്നത്. ഉത്ഭവസ്ഥാനം പിന്നിട്ട് താഴ്വരയിലെത്തി രണ്ടു തീരങ്ങള്‍ക്കുമിടയിലൂടെ ഒഴുകി നീങ്ങുന്ന ജലപ്രവാഹം. വെള്ളവും എക്കലുമൊക്കെ ഒഴുകിനീങ്ങുന്നത് ഈ പാതയിലൂടെയാണ്.”

ഇങ്ങനെ ഒഴുകി വരുന്ന ഫലഭൂയിഷ്ടമായ എക്കലുകളുണ്ടാക്കുന്ന നദീതടങ്ങളില്‍ രൂപം കൊണ്ട സംസ്കാരങ്ങളെപ്പറ്റി വിശദമായ ഒരധ്യായം തന്നെ ഈ പുസ്തകത്തിലുണ്ട്. ജനസമൂഹങ്ങള്‍ ജീവസന്ധാരണത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് നദികളെയായിരുന്നു. പലപ്പോഴും രക്ഷകയും ചിലപ്പോഴൊക്കെ ശിക്ഷകയുമായി മാറി മനുഷ്യകുലത്തിന് നദികള്‍ ചൂടും ചൂരും നദികള്‍ പകര്‍ന്നു നല്കി. അത്തരത്തില്‍ നദീതടങ്ങളില്‍ നിലനിന്നിരുന്ന നാഗരികതകളുടെ വിഖ്യാതമായ ഈടുവെപ്പുകളെ – ചൈനീസ്, ബാബിലോണിയന്‍, പേഴ്സ്യന്‍, ഈജിപ്ത്യന്‍, മിസ്സിസ്സിപ്പിയന്‍, സിന്ധു സംസ്കാരങ്ങളെയൊക്കെ – ഈ പുസ്തകം സംവാദത്തിനെടുക്കുന്നു.

വന്‍കരകളിലെ ഓരോ പ്രധാനപ്പെട്ട നദികളേയും വെവ്വേറെ അധ്യായങ്ങളിലായിട്ടു ക്രമപ്പെടുത്തിയിരിക്കുന്നത് വായനക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുന്നു. രാജ്യങ്ങളുടെ അതിര്‍ത്തികളെ മാനിക്കാതെ ഒഴുകുന്ന വന്‍ നദികളുടെ ഒരു ലിസ്റ്റ് അനുബന്ധമായി ചേര്‍ത്തിരിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. അവ ഏതൊക്കെ രാജ്യങ്ങള്‍ക്ക് ദാഹജലം പകരുന്നുവെന്ന് ഈ പട്ടിക വ്യക്തമാക്കുന്നുണ്ട്.

നദികളെപ്പറ്റി സമഗ്രമായ ഇത്തരം പഠനങ്ങള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ജീവനേയും ജലത്തേയും സ്നേഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട അമൂല്യ ഗ്രന്ഥമായി ലോകത്തിലെ നദികള്‍ മാറുന്നു. വായിക്കുക.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *