Thu. Apr 25th, 2024

 

പലരും ഫോർവേഡ് ചെയ്തുകിട്ടിയ ഒരു കാർട്ടൂണിനെപ്പറ്റി എഴുതണമെന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. അത് ആദ്യം അയച്ചുതന്ന സുഹൃത്ത് പറഞ്ഞത് കെ.എസ്.ഇ.ബിയിലെ ഒരു സീനിയർ എഞ്ചിനീയർ ഇതു പ്രചരിപ്പിക്കുന്നു എന്നാണ്. മറ്റൊരാൾ തന്റെ കോളേജിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രഫസറായ ഒരാൾ ഷെയർ ചെയ്യുന്നു എന്നാണ് പറഞ്ഞത്. മൂന്നാമത്തെ ആൾ, ഗൾഫിൽ ജോലിചെയ്യുന്ന ആചാരസംരക്ഷകരാണ് ഇതു പ്രചരിപ്പിക്കുന്നതെന്ന് പറയുന്നു. ഒരു ആമ അതിന്റെ തോട് മറിച്ചിട്ട് അതിനു പുറത്തുകയറി നില്ക്കുന്നതാണ് കാർട്ടുണായി വരച്ചിട്ടുള്ളത്. ഫെമിനിസ്റ്റുകൾ സംരക്ഷണകവചമുപേക്ഷിച്ച ആമകളെപ്പോലെയാണത്രെ.

ചാത്തനേറ് പേടിച്ച് നാരായണഗുരുവിനെ സമീപിച്ച ഒരാൾക്ക് ഗുരു ചാത്തനു കൊടുക്കാനൊരു കത്തു കൊടുത്തു. ആ കത്തിൽ, ശ്രീ ചാത്തൻ ഈ പാവം മനുഷ്യനെ ഉപദ്രവിക്കരുത് എന്നെഴുതി. ഈ കത്തും വായിച്ചുകൊണ്ട് വീടിനു ചുറ്റും നടന്നാൽ മതി, ഏറുണ്ടാവില്ല, എന്നും പറഞ്ഞു.

കേരളത്തിൽ ആണധികാരത്തിന്റെ ഒരേയൊരു ബലത്തിൽ, കാലിനിടയിൽ തൂങ്ങിക്കിടക്കുന്ന, നല്ലൊരടികൊടുത്താൽ കലങ്ങിപ്പോകുന്നത്ര ദുർബലമായ, ആ അവയവത്തിന്റെ ബലത്തിൽ, ഇത്രകാലം സഞ്ചരിച്ച പുരുഷന്മാരുടെ അരക്ഷിതാവസ്ഥ കണ്ട് ഞാനും എഴുതുന്നു,

പ്രിയപ്പെട്ട ആൺ അഹന്തയ്ക്ക്, ഈ കത്തും കൊണ്ടുവരുന്ന പാവം മനുഷ്യനെ ഇത്തരത്തിൽ പീഡിപ്പിക്കരുത്. ഇതുപോലുള്ള വിഡ്ഢിക്കാർട്ടൂൺ പ്രചരിപ്പിച്ച് സ്വന്തം പാന്റിൽ പെടുത്ത അവസ്ഥ വെളിവാക്കാനും ഇടവരുത്തരുത്. എന്ന്, ഒപ്പ്, …

ഈ കത്ത് ഉറക്കെ വായിച്ചുകൊണ്ട്, മിടുക്കികളായ സഹപ്രവർത്തകർ ജോലിചെയ്യുന്ന ഓഫീസുകളുടെ കവാടങ്ങളുടെ, അല്ലെങ്കിൽ വനിതാ ഫാക്കൽറ്റികൾ ഉള്ള സ്റ്റാഫ്റൂമുകളുടെ മുന്നിലെ വരാന്തകളിലൂടെ, മൂന്നുനാലു തവണ നടന്നാൽ ഈ ബാധ ഒഴിയും. ആചാരത്തെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലാത്തവരുടെ ആചാരസംരക്ഷണകൌതുകവും ഒഴിഞ്ഞുപോകും.

ലേ സാധനത്തെ ആശ്രയിക്കാത്ത പുരുഷന്മാർക്ക് ഇതു ബാധകമല്ല, കാരണം അവർക്ക് താൻപോരിമയുള്ള പെണ്ണുങ്ങളെ കാണുമ്പോൾ, പാൻറിൽമുള്ളൽ, ആചാരസംരക്ഷണത്വര മുതലായ പീഡകൾ സഹിക്കേണ്ട കാര്യമില്ലല്ലോ.

ഞങ്ങളെ പാവമെന്നു വിളിക്കാൻ നീയാരെടീ നാരായണഗുരുവോ, ഈ സഹോദരന്മാർ ആക്രോശിക്കാതിരിക്കില്ല. അവരോടു ചോദിക്കട്ടെ,

സഹോദരങ്ങളെ, ജന്തുലോകത്ത് ഒന്നുലാത്തി നോക്കിയാൽ കാണാൻ എന്തെല്ലാം ഉണ്ട്. തോടു പൊളിച്ചു നാലുപാടും കുരു ചിതറുന്ന പഴുത്ത ചക്ക, മുട്ടത്തോടിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങൾ, പുഴുജന്മത്തെ പിന്നിലാക്കി പറന്നുപൊങ്ങുന്ന ചിത്രശലഭം, ദിവസവും മൊട്ടിനെ മൂടുന്ന തൊലിയെ പിളർത്ത് വിടർന്നു ശോഭിക്കുന്ന പൂക്കൾ, തോടിലൂടെ കുഞ്ഞിവേരു പുറത്തിട്ട് ലോകത്തിലേക്കു തലനീട്ടി മുളയ്ക്കുന്ന വിത്തുകൾ. ഇതൊന്നും കാണാതെ ഇല്ലാലോകത്തിലെ തോടുപേക്ഷിച്ച ആമയെ ഉണ്ടാക്കിയെടുക്കേണ്ടിവന്നില്ലേ നിങ്ങൾക്ക് ഞങ്ങളെ വിവരിക്കാൻ? കഷ്ടം. പാവം.

ഞങ്ങൾ ആമകളല്ല, മുയലുകളുമല്ല. മത്സരത്തിൽ ചേർക്കാൻ നിങ്ങൾ അനുവദിക്കാതിരുന്നെങ്കിലും മത്സരവിജയികളായിത്തീർന്നവരാണ് ഞങ്ങൾ.

സത്യത്തിൽ,

ഇപ്പോൾ നിങ്ങൾക്ക് ഈ ഇല്ലാ-ആമയെ പരിഹാസശരമാക്കേണ്ടി വന്നത് നിങ്ങളെക്കാൾ എത്രയോ വേഗത്തിലോടിയെത്താൻ ഞങ്ങൾ പ്രാപ്തരായിത്തീർന്നതുകൊണ്ടല്ലേ?

പാവം, പാവം, പാവം.

സംരക്ഷണത്തോടുകളും വലിച്ചുവലിച്ച് ജീവിതത്തിലൂടെ നിരങ്ങിനീങ്ങുന്നത് നിങ്ങളല്ലേ?

പാവം, പാവം, പാവം.

ആൺഹുങ്ക് എന്ന ആ സംരക്ഷണകവചം ഇല്ലാതായാൽ നിങ്ങൾ കാലിനിടയിൽ തൂങ്ങുന്ന ആ പാവം സാധനത്തെപ്പോലെ ആലംബഹീനരല്ലേ?

പാവം, പാവം, പാവം.

മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ഇത്രയധികം ഹിംസ നിങ്ങൾക്കു വേണ്ടിവരുന്നത് മനസ്സുകൊണ്ട്
അതിദുർബലരായതുകൊണ്ടല്ലേ?

പാവം, പാവം, പാവം.

കെ.എസ്.ഇ.ബി അധികാരികളും, കോളേജ് മാനേജ്മെൻറും, അറബിയും ചെറുതായി ഒന്നു മൂളിയാൽ, ഒന്നുകിൽ പെടുത്തുപോവുക, അല്ലെങ്കിൽ ഇളിച്ചുകാട്ടുക എന്നത് ശീലമായതുകൊണ്ടല്ലേ?

ആചാരസംരക്ഷണത്തോടു കൊണ്ടൊന്നും മറച്ചുപിടിക്കാവുന്നതല്ല ഈ ഗതികേടുകൾ.

പാവം, പാവം, പാവം.

 ഫെമിനിസ്റ്റ്, സാമൂഹ്യശാസ്ത്ര ഗവേഷകയാണ്

Leave a Reply

Your email address will not be published. Required fields are marked *