ബഹ്‌റൈൻ:
ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍. സൗദിയിലേക്ക് മദ്യം കടത്തിയ ആറ് മലയാളികൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലങ്ങൾ അറിയിച്ചു.
മദ്യക്കടത്തിനും, ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പിടിക്കപ്പെടുന്നവര്‍ കോടതി നല്‍കുന്ന ശിക്ഷാ വിധിക്കു ശേഷം ആജീവനാന്ത വിലക്കോടെ നാടു കടത്തപ്പെടുകയാണ് ചെയ്യുക. എന്നാൽ ഇതൊന്നും വകവെക്കാതെ, ഏജന്റുമാരുടെ പ്രലോഭനങ്ങൾക്കു വഴങ്ങി നിരവധി പേരാണ് മദ്യക്കടത്തിൽ പിടിക്കപ്പെട്ടു സൗദി ജയിലുകളിൽ കഴിയുന്നത്.
എറണാകുളം സ്വദേശികളായ മലയാളി കുടുംബമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കുടുംബ സമേതം സഞ്ചരിക്കുന്ന കാറുകളിൽ പരിശോധന കർശനമാകില്ലെന്ന ധൈര്യത്തിലാണ് കുടുംബങ്ങളെ മദ്യക്കടത്തിനു ഉപയോഗിക്കുന്നത്. സമാനമായ കേസില്‍, കഴിഞ്ഞ ദിവസം തിരൂര്‍ സ്വദേശിയും പിടിയിലായിരുന്നു.
തുച്ഛമായ വിലയ്ക്ക് ബഹ്‌റൈനിൽ കിട്ടുന്ന മദ്യത്തിന് പത്തിരട്ടിയോളം വില കൂട്ടിയാണ് സൗദിയിൽ ഏജന്റുമാർ വിൽക്കുന്നത്. ഈ ലാഭം പ്രതീക്ഷിച്ചാണ് മിക്കവരും ഈ അപകടകരമായ മദ്യക്കടത്തിൽ ഏർപ്പെടുന്നത്. ചുരുക്കം ചിലരെ ചതിച്ചും ഏജന്റുമാർ കാരിയർ ആക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.