മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

Reading Time: < 1 minute

സ്‌പാനിഷ്‌ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കു ബാഴ്‌സലോണ സെവിയ്യയെ തോൽപ്പിച്ചു. സെവിയ്യയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് തവണ പിറകില്‍ പോയ ശേഷം സൂപ്പർ താരം മെസ്സിയുടെ മികവിലാണ് ബാഴ്‌സ തിരിച്ചടിച്ചത്. മെസ്സി തന്റെ കരിയറിലെ 50ാം ഹാട്രിക്ക് തികയ്ക്കുന്നതിനു ഈ മത്സരം സാക്ഷ്യം വഹിച്ചു. അവശേഷിച്ച ഒരു ഗോൾ മറ്റൊരു സൂപ്പർ താരം സുവാരസ് നേടി.

22ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ഗോളിലൂടെ സെവിയ്യ മുന്നിലെത്തി. എന്നാല്‍ നാലു മിനിറ്റുകള്‍ക്കകം ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി സെവിയ്യ വലയില്‍ പതിപ്പിച്ചു. 42ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയിലൂടെ സെവിയ്യ വീണ്ടും മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം മെസി വീണ്ടും ഒപ്പമെത്തിച്ചു. ഡെംബെലയുടെ പാസ് സ്വീകരിച്ച മെസിയുടെ വലങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി. 85ാം മിനിറ്റില്‍ മെസി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ മെസിയുടെ പാസില്‍ ഗോള്‍ നേടിയ സുവാരസ് ബാഴ്‌സ വിജയം ഉറപ്പിച്ചു.

പതിവുപോലെ പന്തടക്കത്തിന്റെ കാര്യത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ബാഴ്‌സലോണ തന്നെയായിരുന്നു കളിയിൽ മികച്ചു നിന്നത്. 17 ഷോട്ടുകൾ ഉതിർത്ത ബാഴ്‌സ 61 ശതമാനം ബോൾ പൊസഷനും നേടി.
ഈ ജയത്തോടെ ബാഴ്‌സ 25 മത്സരങ്ങളില്‍ 57 പോയിന്റുമായി ലീഗിലെ തൊട്ടടുത്ത എതിരാളികളായ അത്ലറ്റികോ മാഡ്രിഡിനെക്കാൾ ബഹുദൂരം മുന്നിലെത്തി.

Advertisement

Leave a Reply

avatar
  Subscribe  
Notify of