Thu. Apr 25th, 2024
തെലങ്കാന:

കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. അതിനുസരിച്ച് രാജ്യം പതിയെ പരിസ്ഥിതി പ്രശ്നങ്ങൾ താരതമ്യേന കുറവുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്.

ഈ സാഹചര്യത്തില്‍, നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ എടുത്തുമാറ്റി പകരം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് തെലങ്കാന ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) യില്‍ നിന്നാണ് ഇതിനുള്ള അനുമതി ഇ-ട്രിയോ സ്വന്തമാക്കിയത്. ഇത്തരത്തില്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ സ്റ്റാർട്ടപ്പ് ആണ് ഇ-ട്രിയോ ഓട്ടോമൊബൈല്‍സ്.

നിലവില്‍ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയില്‍ മാത്രം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള അനുമതിയാണ് ARAI ഇ-ട്രിയോയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ വാഹനങ്ങളുടെ ഗിയര്‍ലെസ് ഇലക്ട്രിക് മോഡലുകളാവും കമ്പനി ഒരുക്കുന്നത്.

ഈ ഇലക്ട്രിക് കാറുകള്‍ക്ക് ഒറ്റച്ചാർജ്ജിൽ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി സ്ഥാപകനായ സത്യ യലമഞ്ചലി പറയുന്നത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച ആള്‍ട്ടോയ്ക്ക് വെറും അഞ്ചു സെക്കന്‍ന്റു മതിയെന്നും അദ്ദേഹം പറയുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും പരമാവധി വേഗത.

ഇതിനുള്ള ഇലക്ട്രിക് കിറ്റുകള്‍ ചൈനയില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നുമാണ് ഇ-ട്രിയോ ഇറക്കുമതി ചെയ്യുക. ഈ കിറ്റുകളിലെ കണ്‍ട്രോളര്‍ വികസിപ്പിക്കുന്നതിന് ഇ-ട്രിയോയെ സഹായിക്കുന്നത്, സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയർ ആഞ്ജനേയലു ക്രൊതപ്പള്ളിയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുമാണ്.

അടുത്ത വര്‍ഷം 5000 കാറുകള്‍, കിറ്റ് ഘടിപ്പിച്ച് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസംതോറും 1000 കാറുകളില്‍ കിറ്റ് ഉള്‍പ്പെടുത്താനുള്ള ശേഷിയും ഇ-ട്രിയോ നിർമ്മാണ കേന്ദ്രത്തിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ചുള്ള പരീക്ഷണത്തിലാണ് കമ്പനി. ഈ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഏതു സമയത്തും അനായാസേന ചാര്‍ജ്ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.
വിപണിയില്‍ ആവശ്യക്കാരുണ്ടെന്നു കണ്ടാല്‍, പ്രചാരമേറിയ കൂടുതല്‍ കാറുകള്‍ വൈദ്യുതീകരിക്കാനുള്ള അനുമതി ARAI -യില്‍ നിന്നും ഇ-ട്രിയോ നേടും. രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍, വൈദ്യുത വാഹനങ്ങളുടെ പ്രചാരത്തില്‍ നിര്‍ണ്ണായകമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *