Mon. Dec 23rd, 2024
കൊച്ചി:

അനധികൃത കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍, സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം. നിയമസഭാ സമിതിയുടെ പരിസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശിയായ ഹുസൈന്‍, അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹരജിയിലെ ഏഴാം എതിര്‍ കക്ഷിയാണ് സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി. ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുന്‍പുള്ളതും, ഖനനം തുടങ്ങിയതിനു ശേഷമുള്ളതുമായ സാറ്റലൈറ്റ് ചിത്രമാണ് സമര്‍പ്പിക്കേണ്ടത്. ഖനനം മൂലം ഭൂമി നഷ്ടപ്പെടുന്നത് തടയാനും, പ്രദേശവാസികളുടെ ആശങ്ക അകറ്റാനും, സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടു. കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ദൂതന്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിനും, ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡിനും, നിയമാ സഭാ സമിതിക്കും നോട്ടീസയച്ചത്.

നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നും തന്നെ, ഖനനം നടത്തുന്ന ഐ.ആര്‍.ഇ പാലിക്കുന്നില്ല. അനുവദനീയമായതിലും കൂടുതല്‍, കരപ്രദേശങ്ങളില്‍ നിന്നും, കായലില്‍ നിന്നും നേരിട്ടും ഖനനം നടത്തുന്നതു മൂലം 89 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുങ്ങിയെന്നും, ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്ന തീരപ്രദേശത്ത്, ഇപ്പോള്‍ ഇവയ്ക്ക് നാശം സംഭവിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭാ സമിതി റിപ്പോര്‍ട്ട് വന്നു ഒരു വര്‍ഷത്തിനു ശേഷവും, യാതൊരു വിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും, ഹരജിയില്‍ പറയുന്നു. ഹരജി വീണ്ടും 26 ന് പരിഗണിക്കും.

മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പതിനാലാം നിയമസഭാ പരിസ്ഥിതി സമിതിയുടെ എട്ടാമത്തെ റിപ്പോർട്ടിൽ (2018 ഫെബ്രുവരി ആറാം തീയതി സഭയില്‍ സമര്‍പ്പിച്ചത്) ആലപ്പാടിന്റെ ദുരവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്.  ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി വലിയ രീതിയിലുള്ള പ്രതിഷേധവും സമരവും ഉയര്‍ന്നു വന്നതിനെത്തുടര്‍ന്ന് പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി നേരത്തെ വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചിരുന്നു. എം.എല്‍.എമാരും കലക്ടറും അടങ്ങുന്നതാണ് സമിതി. എം.എല്‍.എമാരായ ആര്‍.രാമചന്ദ്രന്‍, എന്‍.വിജയന്‍ പിള്ള, കലക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ഐ എ എസ് എന്നിവര്‍ സമിതിയിലുണ്ട്. സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *