Fri. Nov 22nd, 2024
കോഴിക്കോട്:

കേരളത്തിലെ അംസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയീസ്(കിലെ.) ഇതിനായുള്ള അപേക്ഷ സ്വീകരിക്കാൻ നടപടിയായെന്നും കിലെ ചെയർമാൻ വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരന്റെ മക്കളേയും, സിവിൽ സർവ്വീസിന് പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്തായിരിക്കും ആദ്യ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നാല്പതു പേർക്കാണ് പ്രവേശനം. എതെങ്കിലും ക്ഷേമനിധി ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റിനൊപ്പം വെള്ളപേപ്പറിൽ മാർച്ച് 31-നു മുൻപ് അപേക്ഷിച്ചാൽ മതി. കൂടുതൽ വിവരങ്ങൾ, കിലെയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കിലെയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ചുള്ള സമാപന പരിപാടി 26 മുതൽ 28 വരെ കോഴിക്കോട് സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. തൊഴിലാളികളും, അവരുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. 26-ന് രാവിലെ 10-ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രദർശന മേള ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ഗവർണർ സദാശിവം ഉദ്ഘാടനം ചെയ്യും. 27-ന് നവകേരള നിർമ്മാണം-തൊഴിലാളികളുടേയും തൊഴിലാളി സംഘടനകളുടേയും പങ്ക് എന്ന വിഷയത്തിൽ രാവിലെ 10-ന് എളമരം കരീം എം.പി സെമിനാർ നടത്തും. സ്ത്രീകളും തൊഴിൽ മേഖലയും എന്ന സെമിനാറിൽ ഉച്ചയ്ക്ക് 2.30-ന് സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.കെ ഹേമലത വിഷായവതരണം നടത്തും.

28-ന് രാവിലെ 9.30 മുതല് തൊഴിൽ മേഖല പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ തൊഴിൽ വകുപ്പു മന്ത്രി ആര്യാടൻ മുഹമ്മദ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ കേരളത്തിലെ അതിഥി തൊഴിലാളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ, തിരുവന്തപുരം സീനിയർ കൺസൾട്ടന്റ് ഡോ.എ.വി ജോസ് വിഷയാവതരണം നടത്തും.
പത്രസമ്മേളനത്തിൽ എ.പ്രദീപ് കുമാർ എം.എൽ.എ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.സജീന, എം. രാജൻ,പി.കെ. അനിൽകുമാർ, കെ. മല്ലിക, ജോർജ് ആന്റണി, സി.പി. രാജേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *