Thu. Apr 25th, 2024
മലപ്പുറം:

ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും ഇവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴ് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മലബാറിന്റെ കായിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് കാലിക്കറ്റ് സര്‍വകാലശാല. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഗവണ്‍മെന്റ് കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും. സ്പോര്‍ട്സ് പവലിയന്‍, ഫ്ളഡ് ലൈറ്റ് എന്നിവയ്ക്കായി സര്‍വകലാശാല സമര്‍പ്പിച്ച 25 കോടി രൂപയുടെ പ്രോജക്ട് സര്‍ക്കാറിന്റെ പരിഗണനയിലാണ്,” അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ വി.അനില്‍കുമാര്‍, അക്വാട്ടിക് കോംപ്ലക്സ് കോണ്‍ട്രാക്ടര്‍ (തിരുവനന്തപുരം ക്രസന്റ് കണ്‍സ്ട്രക്ഷന്‍സ്) എന്നിവരെയും ആദരിച്ചു.

സി.എം.ഡി.ആര്‍.എഫിലേക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ സംഭാവന വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിക്ക് കൈമാറി. യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ വി.അനില്‍കുമാര്‍, കായിക വകുപ്പ് മേധാവി ഡോ.വി.പി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, പ്രൊഫ.ആര്‍.ബിന്ദു, ഡോ.സി.സി.ബാബു, ഡോ.ടി.എം.വിജയന്‍, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.അബ്ദുറഹിമാന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എസ്.ഷാബിര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *