കൊല്ലം/കോഴിക്കോട്:
ടി.പി വധക്കേസ്സില്‍ പി.കെ. കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.കെ കുഞ്ഞനന്തന് വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും, കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നും, സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരില്‍ പൊലീസ് നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും, എന്നാല്‍, കുഞ്ഞനന്തനെ കേസില്‍ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. “കുഞ്ഞനനന്തനെ ഗൂഢാലോചനക്കുറ്റം ചുമത്തി ടി.പി വധക്കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടിക്ക് പൂര്‍ണ്ണബോധ്യമുണ്ട്. പൊലീസ് കള്ളത്തെളിവുണ്ടാക്കിയാണ് കുഞ്ഞനന്തനെ കുടുക്കിയത്. ഒരു പാര്‍ട്ടി അംഗത്തെ കേസില്‍ കുടുക്കിയാല്‍ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. തെറ്റായി ഒരാളെ പ്രതിചേര്‍ത്താല്‍ പാര്‍ട്ടി അംഗീകരിക്കില്ല. കൊടി സുനി പാര്‍ട്ടി അംഗമല്ല. ചിലര്‍ക്ക് ചില പേരുകൊടുത്ത് അവരെ പാര്‍ട്ടി നേതാക്കളായി സ്ഥാപിക്കരുത്. പേരിന്റെ കൂടെ കൊടി എന്നുണ്ടെങ്കില്‍ പാര്‍ട്ടി നേതാവാകുമോ?” കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
എന്നാല്‍ സി.പി.എം നേതൃത്വവും ടി.പി. വധവും തമ്മില്‍ നേരിട്ടു ബന്ധപ്പെടുത്തുന്ന കണ്ണിയായതു കൊണ്ടാണ് കുഞ്ഞനന്തനെ ജയിലിൽ നിന്നിറക്കാൻ സി.പി.എം ശ്രമിക്കുന്നതെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു കുറ്റപ്പെടുത്തി. “സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വവും ഈ കൊലപാതകവും തമ്മിലില്‍ നേരിട്ട് ബന്ധപ്പെടുത്തുന്ന കണ്ണിയാണ് കുഞ്ഞനന്തൻ അതു കൊണ്ടാണ് കുഞ്ഞനന്തനെ പുറത്തു കൊണ്ടുവരാനും ജയിലില്‍ നിന്ന് മോചിപ്പിക്കാനും ശ്രമിക്കുന്നത്,” വേണു പറഞ്ഞു.