Thu. Apr 25th, 2024
കോഴിക്കോട്:

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക്‌ നഗരത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ നഗരസഭാപരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസവകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.ഡി.ഇ. ഇ.കെ. സുരേഷ് കുമാർ ഉത്തരവിറക്കിയിരുന്നത്.

12-ാം തീയതി രേഖപ്പെടുത്തിയ സർക്കുലർ ചൊവ്വാഴ്ച മാത്രമാണ് പല സ്കൂളുകളിലേക്കും അയച്ചത്. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പോലുള്ള അധ്യാപക സംഘടനകളും, കെ.എസ്.യു. ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം ചൊവ്വാഴ്ച രാത്രിയോടെ ഡി.ഡി.ഇ. ഒഴിവാക്കുകയായിരുന്നു. ഘോഷയാത്രയിൽ വിദ്യാർഥികൾ പങ്കെടുക്കേണ്ടെന്നും, അധ്യാപകരും, വകുപ്പു ജീവനക്കാരും മാത്രം പങ്കെടുത്താൽ മതിയെന്നും നിർദ്ദേശം തിരുത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ പിന്നീട് അറിയിച്ചു.

ബാൻഡ് സെറ്റ്, നിശ്ചലദൃശ്യങ്ങൾ, മറ്റ് കലാരൂപങ്ങൾ എന്നിവ വിദ്യാലയങ്ങൾക്ക് അവതരിപ്പിക്കാമെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരും മൂന്നു മണിക്കുതന്നെ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് ഹാജരാവണമെന്നുമായിരുന്നു സർക്കുലറിലെ നിർദ്ദേശം. കുട്ടികളെ ഘോഷയാത്രകൾക്കും ചടങ്ങുകൾക്കും ആളെ കൂട്ടാനായി ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയും, എസ്.എസ്.എൽ.സി. മാതൃകാപരീക്ഷ നടക്കുന്നതിനിടെയും, സ്വീകരിക്കുന്ന നടപടി വിവാദമാവുമെന്ന് കണ്ടാണ് സർക്കുലറിൽ ഭേദഗതി വരുത്തിയത്. വനിതാമതിൽ ദിനത്തിൽ സ്കൂളുകൾക്ക് അവധി നൽകിയ ഡി.ഡി.ഇ.യുടെ നടപടി നേരത്തെ വിവാദമായിരുന്നു.

കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കണമെന്ന സർക്കാരിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്നും, ഉത്തരവിന് നിർബന്ധ സ്വഭാവമുണ്ടായിരുന്നില്ല എന്നുമാണ് ഡി.ഡി.ഇ.യുടെ ഇക്കാര്യത്തിലുള്ള വിശദീകരണം. എതിർപ്പിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരും ജീവനക്കാരും മാത്രം പങ്കെടുത്താൽ മതിയെന്ന് പിന്നീട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം സമ്മര്‍ദ്ദത്തിലായിരിക്കുന്നതിനിടെയാണ് ആയിരം ദിവസം പിന്നിട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആഘോഷം നടക്കുന്നത്. ഒരാഴ്ച നീളുന്ന ആഘോഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. 9.54 കോടി രൂപ  മുടക്കിയാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു ഇനി നവ കേരള നിര്‍മാണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആയിരം ദിനം ആഘോഷിക്കുന്നത്. എല്ലാ ജില്ലകളിലും എക്‌സിബിഷന്‍, സെമിനാറുകള്‍ എന്നിങ്ങനെയാണ് പരിപാടികള്‍.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 42 ലക്ഷത്തില്‍ നിന്ന് 51 ലക്ഷമായതും, ഹൈടെക്കായ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തിയതും, ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉയര്‍ന്നതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആയാണ് വിലയിരുത്തല്‍. സര്‍ക്കാരും മുന്നണിയും ഭരണനേട്ടങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്രമ രാഷ്ട്രീയം തന്നെയാണ്. ദേശീയ പാത വികസനവും, ദേശീയ ജലപാതയും ഉള്‍പ്പടെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റം സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്താം.

മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനം കയ്യടിനേടിയെങ്കിലും പുനര്‍നിര്‍മ്മാണവും പുനരധിവാസവും ഇനിയും പൂര്‍ത്തിയായിട്ടില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പദ്ധതി ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. കൂടാതെ മന്ത്രിസഭാംഗങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങളും സര്‍ക്കാരിനെ പിന്നോട്ടടിച്ചു. കാസര്‍ക്കോട്ടെ അരുംകൊലയുടെ ഞെട്ടലിലാണ് സര്‍ക്കാറിന്റെ ആയിരംദിനാഘോഷം നടക്കുന്നത്. പെരിയയയിലെ ഇരട്ടക്കൊലയടക്കം ഈ സര്‍ക്കാറിന്റെ കാലത്ത് 21 രാഷ്ട്രീയക്കൊലപാതകങ്ങളാണ് ഉണ്ടായത്. പോലീസ് അതിക്രമങ്ങളും കസ്റ്റഡി കൊലപാതങ്ങളും ഉള്‍പ്പടെയുള്ളവ കൂടി ചേര്‍ന്നാല്‍  മുഖ്യമന്ത്രിയുടെ കയ്യിലുള്ള ആഭ്യന്തര വകുപ്പു തന്നെയാണ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *