Sat. Nov 23rd, 2024
ന്യൂഡൽഹി:

ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് തടയുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും.

ഭക്ഷ്യ സാധനങ്ങൾ വറുക്കാനും മറ്റും ഉപയോഗിക്കുന്ന എണ്ണയുടെ തുടർച്ചയായ ഉപയോഗം മൂലം അതിലെ പോഷകാംശങ്ങൾ നശിക്കുകയും മറ്റു ഫിസിയോ കെമിക്കൽ ഘടനയിലും മാറ്റങ്ങൾ വരികയും ചെയ്യുന്നു.
ഏറ്റവും പ്രധാനമായി എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ എണ്ണയിൽ ആസിഡിന്റെ അംശം കൂടിക്കൂടി വരികയാണ്. ഒരു പ്രത്യേക ഘട്ടം കഴിയുമ്പോഴേക്കും, ഉപയോഗിക്കാൻ പോലും കഴിയാൻ പറ്റാത്തത്ര വിഷമയമായി എണ്ണ മാറുന്നു.

തുടർച്ചയായി ഒരേ എണ്ണ തന്നെ ഉപയോഗിക്കുമ്പോൾ അതിൽ ടോട്ടൽ പോളാർ കോമ്പൗണ്ട് (ടി.പി.സി) എന്നൊരു ഘടന രൂപം കൊള്ളൂകയും ചെയ്യുന്നു. ഈ ടി.പി.സി. മനുഷ്യ ശരീരത്തിന് ഏറ്റവും ദോഷകരമായ വസ്തുക്കളിൽ ഒന്നാണ്. ഉയർന്ന നിരക്കിലുള്ള ടി.പി.സി, ഹൈപ്പർ ടെൻഷൻ, കരൾ സംബന്ധ രോഗങ്ങൾ, ഉയർന്ന നിരക്കിലുള്ള കൊളസ്‌ട്രോൾ, തുടങ്ങിയ രോഗാവസ്ഥകൾക്ക് കാരണമായി തീരുന്നു.

ഭക്ഷ്യ വകുപ്പിന്റെ നിർദേശ പ്രകാരം 2017 ഒക്ടോബര് 24 നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (ലൈസൻസിങ് ആൻഡ് രജിസ്ട്രേഷൻ) ഫസ്റ്റ് അമെൻഡ്മെന്റ് ആക്ട് 2017 നിലവിൽ വന്നു. ഇതു പ്രകാരം 25%ത്തിൽ അധികം ടി.പി.സി, പാകം ചെയ്യുന്ന എണ്ണയിൽ അനുവദനീയമല്ല.

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നില്ലെന്നു കണ്ടെത്താനായി ദിവസവും 50 ലിറ്ററിൽ കൂടുതൽ എണ്ണ പാകം ചെയ്യുന്നുണ്ടെങ്കിൽ വ്യക്തമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നും, ഉപയോഗിച്ചു കഴിഞ്ഞ എണ്ണ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം സംസ്ക്കരിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

പുതിയ നിർദ്ദേശങ്ങളനുസരിച്ച്, ഹോട്ടലുടമകൾ ഓരോ ദിവസവും എത്രമാത്രം എണ്ണ ഉപയോഗിക്കുന്നുവെന്നും, അതിൽ എത്രമാത്രം ബാക്കി വരുന്നുവെന്നും, എത്രമാത്രം കളയുന്നുവെന്നും വ്യക്തമായി രേഖപ്പെടുത്തി വയ്‌ക്കേണ്ടി വരും.

ഈ നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ ഹോട്ടലുകളിലും എത്തിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *