ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു ചരിത്ര വിജയം

0
447
Reading Time: 2 minutes
ഡർബൻ:

പഴയ പ്രതാപത്തിന്റെ ഏഴയലത്തു പോലും എത്താതെ വിഷമിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് ആവേശമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ വിജയം. തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന കുശാൽ പെരേര (153) വിജയത്തിനു നേതൃത്വം നൽകിയപ്പോൾ വാലറ്റം അവസരത്തിനൊത്തു ഉയർന്നു ഉറച്ച പിന്തുണ നൽകി.

മുന്‍നിരയും മധ്യനിരയും തകര്‍ന്ന ശേഷം ആറാം വിക്കറ്റില്‍ കുശാൽ പെരേര-ധനഞ്ജയ ഡിസില്‍വ സഖ്യം 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാലും വിജയം അകലെയായിരുന്നു. പക്ഷെ തോൽക്കാൻ മനസ്സില്ലാത്ത കുശാൽ പെരേര പതിനൊന്നാമനായി ഇറങ്ങിയ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്‍സിന്റെ അവിശ്വസനീയ കൂട്ടുകെട്ടുണ്ടാക്കിയാണ് ലങ്കയെ വിജയത്തിലെത്തിച്ചത്.

304 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക ഒൻപതിന് 226 എന്ന നിലയിൽ തകർന്നു നിൽക്കുമ്പോൾ ആണ് കുശാലും വിശ്വയും അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്നത്. അപ്പോൾ പെരേരയുടെ വ്യക്തിഗത സ്കോർ 86 ആയിരുന്നു കൂടി വന്നാൽ പെരേര ഒരു സെഞ്ച്വറി തികയ്ക്കും എന്നേ എല്ലാവരും കരുതിയിരുന്നുള്ളു. ശ്രീലങ്കയ്ക്ക് ജയിക്കാന്‍ പിന്നെയും 78 റണ്‍സ് വേണം. എന്നാല്‍, ക്രിക്കറ്റ് ചരിത്രത്തില്‍ അതിജീവനത്തിന്റെ അവിശ്വസനീയ അധ്യായം രചിച്ച് കുശാലും വിശ്വയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതാണ്‌ ക്രിക്കറ്റ് ലോകം പിന്നെ കണ്ടത്.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഫീൽഡർമാരെ മാറ്റി വിന്യസിച്ചെങ്കിലും സ്ട്രൈക്ക് നിലനിർത്തി പെരേര ഫെർണാണ്ടോയെ ഷീൽഡ് ചെയ്യുകയും ചെയ്തു. 96 പന്തുകളിൽ 27 എണ്ണം മാത്രമാണ് ഫെർണാണ്ടോയ്ക്കു നേരിടേണ്ടി വന്നത്. നാലാം ഇന്നിങ്സിൽ പിന്തുടർന്നു ജയിച്ച മത്സരങ്ങളിൽ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് പെരേര, വിശ്വ സഖ്യത്തിന്റേത്.

200 പന്തുകളിൽ 12 ഫോറും അഞ്ചു സിക്സും സഹിതമാണ് പെരേര സെഞ്ചുറി തികച്ചതു. അവിസ്മരണീയ സെഞ്ചുറിയുമായി ടീമിനെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഐ.സി.സി റാങ്കിങ് മെച്ചപ്പെടുത്തിയ പെരേര 40–ാം സ്ഥാനത്തെത്തി. ജയത്തോടെ ദേശീയ ഹീറോയായ പെരേരയെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ തുടങ്ങിയവർ അഭിനന്ദിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരക്കെതിരെ നേടിയ ലങ്കൻ വിജയം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് എന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of