മഹീന്ദ്രയുടെ പുത്തന്‍ യൂട്ടിലിറ്റി വെഹിക്കിൾ XUV 300 പ്രണയദിനത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷൻ പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്.
വാഹനത്തിന്റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നു നേരിട്ടും XUV300 ബുക്ക് ചെയ്യാം. 20,000 രൂപ അടച്ച് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ് യു വിയുടെ ബുക്കിംഗ് സ്വീകരിക്കും. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോലിയെ അടിസ്ഥാനമാക്കിയാണ് XUV300 എത്തിയിരിക്കുന്നത്. ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ‘ടിവൊലി’യിൽ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യൻ സാഹചര്യങ്ങൾക്കായി എസ് യു വിയുടെ സസ്പെൻഷൻ മഹീന്ദ്ര പൊളിച്ചു പണിയുകയും ചെയ്തു.
വാഹനത്തിന്റെ ആക്സിലറേഷന്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതി XUV300 ന്. 100 ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ചു സെക്കന്‍ഡും.
ബേസിക് മോഡലായ ‘ഡബ്ല്യു ഫോറി’ൽ തന്നെ എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, എല്ലാ വീലിലും ഡിസ്ക് ബ്രേക്ക്, എൽ ഇ ഡി ടെയിൽ ലാംപ്, നാലു പവർ വിൻഡോ തുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
മുന്തിയ മോഡലുകളിൽ മുൻ പാർക്കിങ് സെൻസർ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഇരട്ട സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, സൺ റൂഫ്, ഏഴ് എയർബാഗ് തുടങ്ങിയവയൊക്കെയുണ്ടാവും.
1.5 ലീറ്റർ ഡീസൽ എഞ്ചിൻ 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണുള്ളത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണുള്ളത്.
എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് XUV300 അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദ്ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.