Thu. Apr 25th, 2024
ദുബായ്:

യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ‌ കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളാ സഭാ പശ്ചിമേഷ്യൻ സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹം കേരളത്തിൽ എത്തുമെന്നാണ് സൂചന.

വെള്ളിയാഴ്ച രാത്രി ദുബായിലെ മര്‍മൂം കൊട്ടാരത്തിൽ വെച്ച് ഷെയ്ഖ് മുഹമ്മദുമായി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. യു എ ഇയിലെ മലയാളികള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിനു നന്ദിപറഞ്ഞ മുഖ്യമന്ത്രി, ശൈഖ് മുഹമ്മദിനെ കേരളം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച ഷെയ്ഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി.

യു എ ഇയില്‍ എണ്‍പതു ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യു എ ഇയെ ഇഷ്ടപ്പെടുന്നത് എന്ന് യുഎആ പ്രധാനമന്ത്രി ചോദിച്ചെന്നും, ‘മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ്’ ഷെയ്ഖ് മുഹമ്മദിന് നല്‍കിയതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്വന്തം കഥയായ ഖിസ്സതിയുടെ(എന്റെ കഥ) പകർപ്പ് ഷെയ്ഖ് മുഹമ്മദ് സമ്മാനിച്ചു. ഷെയ്ഖ് മുഹമ്മദിന് മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു. യു.എ.ഇ. മന്ത്രി റീം അല്‍ ഹാഷ്മിയും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.

ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാദ്ധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *