Thu. May 2nd, 2024
ബ്രിട്ടൻ:

കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൂട്ടായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തി യൂറോപ്പിൽ തെരുവിലിറങ്ങി. ലണ്ടനിൽ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ പാർലമെന്റ് ചത്വരത്തിനു മുന്നിൽ പ്രതിഷേധിച്ചു. “രാഷ്ട്രീയമാണ് മാറ്റേണ്ടത്. കാലാവസ്ഥയല്ല” എന്നതായിരുന്നു അവരുടെ ആശയം.

പാരിസിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് എത്തിയത്. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങൾ എല്ലാ ആഴ്ചയിലും ആവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ഫ്രാൻസിന്റെ ഹരിത ഗൃഹ വാതക ബഹിർഗമനം നാലു ശതമാനമായി കുറയ്ക്കുക എന്നതും അവരുടെ ആവശ്യങ്ങളിൽ ചിലതാണ്. ഇത്തരം സംഭവങ്ങളുടെ തുടക്കം സ്വീഡനിലാണ്. കഴിഞ്ഞ സെപ്തംബർ മുതൽ ഗ്രെറ്റ തുൻബെർഗ് എന്ന പതിനാറുകാരി ആഴ്ചയിൽ ഒരിക്കൽ ക്ലാസ് കട്ട് ചെയ്തുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തിൽ ഗവർണ്മെന്റ് നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാറുണ്ട്.

തുൻബെർഗിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ട് ബ്രിട്ടനിൽ യൂത്ത് 4 ക്ലൈമറ്റ് എന്ന സംഘടനാ രൂപം കൊള്ളുകയും സാമൂഹികമാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രശസ്തിയാർജ്ജിക്കുകയും ചെയ്തു. ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, അയർലൻഡ്, തുടങ്ങിയ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു.

ബെർലിനിലെ പ്രതിഷേധ പ്രകടങ്ങളുടെ അമരക്കാരിലൊരാളായ ലൂയിസ ന്യൂബയൂർ എന്ന ഇരുപത്തിരണ്ടുകാരി, വെള്ളിയാഴ്ചയിലെ മാർച്ച് വിജയകരമായിരുന്നുവെന്നും, ആറു വയസ്സുള്ള കുട്ടി മുതൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾവരെ പങ്കെടുത്തുവെന്നും അഭിപ്രായപ്പെട്ടു. ഇത്തരം സമരങ്ങളിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ടതായി ലൂയിസ പറഞ്ഞു.

ചില രാഷ്ട്രീയ പ്രവർത്തകർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയായ തെരേസ മെയ് ഉൾപ്പെടെയുള്ളവർ പൂർണമായും ഇതിനോട് യോജിച്ചിട്ടില്ല. യുവാക്കൾ അവരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സക്രിയമായി ഇടപെടേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇത്തരം സമര രീതികൾ വിദ്യാർത്ഥികളുടെ ഭാവി പഠനം സമയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മേയുടെ പ്രതിനിധി പറയുന്നത്.

തുൻബെർഗ് അടക്കമുള്ള നിരവധിപേരാണ് പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ വന്നത്. ‘വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമ്പോൾ അവരുടെ ക്ലാസ് ടൈം നഷ്ടമാവുമെന്ന് പ്രധാനമന്ത്രി ആശങ്കപ്പെടുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തകരുടെ 30 വർഷത്തോളമുള്ള പ്രവർത്തനങ്ങളുടെ അഭാവം അതിലും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോവുന്നത്’ എന്ന് അവർ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ആഗോള താപനത്തിനെതിരെയും പോരാടാൻ ലോകമെമ്പാടുമുള്ള ആളുകൾക്ക് മുഴുവൻ പ്രചോദനമായിരിക്കുകയാണ് ഇവരുടെ സമര രീതി.

Leave a Reply

Your email address will not be published. Required fields are marked *