കോഴിക്കോട്:
ആസിമിന്റെ പ്രതിഷേധത്തിന്റെ ചക്രങ്ങള്‍ കോഴിക്കോട്ടെ വെളിമണ്ണയെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരയിലേക്ക് ഉരുണ്ടു തുടങ്ങി. പഠിക്കാനുള്ള അവകാശത്തിനായാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് ആസിമിന്റെ വീല്‍ചെയറിലുള്ള ഈ സഹന സമര യാത്ര. ആസിം പഠിക്കുന്ന യു.പി. സ്‌കൂള്‍, ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് യാത്ര.
ഓമശ്ശേരി വെളിമണ്ണ സ്വദേശി ഹാഫിസ് സയീദ് യമാനിയുടെയും ജംഷീനയുടെയും മകനാണ് മുഹമ്മദ് ആസിം. 90 % വൈകല്യമുള്ള ആസിമിന്റെ വീട്ടില്‍നിന്നു 200 മീറ്റര്‍ മാത്രം ദൂരമേയുള്ളൂ വെളിമണ്ണ യു.പി. സ്‌കൂളിലേക്ക്. 2015-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആസിമിനുവേണ്ടി വെളിമണ്ണ ജി.എം.എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തുകയായിരുന്നു.
വെളിമണ്ണയിലും സമീപത്തെ നാലു പഞ്ചായത്തുകളിലും ഹൈസ്‌കൂളുകളില്ല. അതു കൊണ്ട് തന്നെ പഠിക്കാനുള്ള തന്റെ അവകാശത്തിനായുള്ള ആസിമിന്റെ പോരാട്ടങ്ങള്‍ക്കൊടുവില്‍ വെളിമണ്ണ സ്‌കൂള്‍ ഹൈസ്‌കൂളാക്കാന്‍ 2018 ജൂണില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ നല്‍കേണ്ട അവസാനദിവസം സര്‍ക്കാര്‍ ഈ വിധിക്കെതിരെ കോടതിയെ സമീപിച്ചു. ഇതോടെ ആസിമിന് ഒരു അധ്യയനവര്‍ഷം നഷ്ടമായി. പലര്‍ക്കും പല തവണ പരാതികള്‍ നല്‍കിയിട്ടും ഫലം കാണാതായതോടെയാണ് ആസിം സമരയാത്ര നടത്താന്‍ തീരുമാനിച്ചത്.
സമരയാത്ര വെളിമണ്ണ സ്‌കൂളിനുമുന്നില്‍ മുന്‍ ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പി.കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഡല്‍ഹി ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.പി.സി. അച്ചന്‍കുഞ്ഞ്, വൈസ് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ്, നൗഷാദ് തെക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഹാരിസ് രാജാണ് യാത്രയുടെ ക്യാപ്റ്റന്‍.
ദിവസവും രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് യാത്ര. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 40 ദിവസംകൊണ്ട് തിരുവനന്തപുരത്തെത്തും.