ന്യൂഡൽഹി:
ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും യുവ രാഷ്ട്രീയ നേതാവുമായ കനയ്യ കുമാറിന് പിഎച്ച്ഡി ബിരുദം ലഭിച്ചു. ജെ.എൻ.യുവിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ആഫ്രിക്കൻ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന കനയ്യ കുമാർ തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. സെന്റർ ഫോർ ആഫ്രിക്കൻ സ്റ്റഡീസിൽ എസ്.എൻ. മലകറിന്റെ കീഴിലാണ് കനയ്യ ഗവേഷണം പൂർത്തിയാക്കിയത്. ‘ദി പ്രോസസ്സ് ഓഫ് ഡികോളനൈസേഷൻ ആൻഡ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ ഇൻ സൗത്ത് ആഫ്രിക്ക’ എന്നതാണ് കനയ്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട്.
2016 ഫെബ്രുവരി 9 ന് ജെ.എൻ.യു വിലെ വിദ്യാർത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ ((DSU) മുൻ അംഗങ്ങൾ 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ചു നടത്തിയ ചടങ്ങിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി എന്ന് ആരോപിച്ച് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ 2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എ.ബി.വി.പി നേതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി ഉണ്ടായത്.
2016 മാർച്ച് 6 ന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ കനയ്യ ജെ.എൻ.യു വിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിന് വലിയ രീതിയിലുള്ള മാദ്ധ്യമശ്രദ്ധ ലഭിക്കുകയും യുവ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. പിന്നീട് കനയ്യ കുമാറിനെതിരെയും മറ്റ് വിദ്യാർത്ഥി നേതാക്കൾക്കെതിരെയും ഉള്ള ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.