Thu. Mar 28th, 2024
മുംബൈ:

ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ പോയി മെഡിസിൻ പഠനം പൂർത്തിയാക്കിയ ആദ്യ വനിതയാണ് ആനന്ദി ഗോപാൽ ജോഷി. എന്നാൽ അവരുടെ ചരിത്രവും ജീവിതവും മറ്റു പലരെയും പോലെ തന്നെ കാലത്തിന്റെ ചവറ്റു കൂനയിലേക്ക് പോയി.

ആ ബഹുമുഖ പ്രതിഭയുടെ ജീവിതം അഭ്രപാളികളിൽ എത്തിക്കാൻ ശ്രമിക്കുകയാണ് സമീർ വിദ്വാൻസ്. ആനന്ദി ഗോപാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 15 നു സീ സിനിമാ തീയേറ്ററുകളിൽ എത്തുന്നു.

മറാത്തി ഭാഷയിലൊരുക്കുന്ന ഈ ബയോ പിക്ക് സിനിമയിൽ ആനന്ദിയായി ഭാഗ്യശ്രീ മിലിൻഡും, ഭർത്താവ് ഗോപാൽ ജോഷിയായി ലളിത് പ്രഭാകറും വേഷമിട്ടിരിക്കുന്നു.

ആനന്ദിയുടെ ജീവിതം ആരംഭിക്കുന്നത് വിവാഹത്തിന് ശേഷമാണ്. തന്റെ ഒൻപതാം വയസിൽ 20 വയസിനു മുകളിൽ പ്രായവ്യത്യാസമുള്ള ഗോപാലിനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹം ഒരു പുരോഗമന ചിന്താഗതിക്കാരനും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുമായതിനാൽ ആനന്ദിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു.

എന്തിരുന്നാലും ഡോക്ടർ ആവുക എന്ന തീരുമാനം ആനന്ദിയുടേത് ആയിരുന്നു. തന്റെ ആദ്യ പ്രസവത്തിൽത്തന്നെ കുട്ടി മരിച്ചു പോയതാണ് ഒരു ഡോക്ടർ ആവാൻ ആനന്ദിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ആ സമയത്തു വനിതാ ഡോക്ടർമാരുടെ എണ്ണം വളരെ കുറവായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ഒരു പുരുഷ ഡോക്ടറുടെ അടുത്ത സ്ത്രീകൾ പോകാനുള്ള സാധ്യതയും വളരെ വിരളമായിരുന്നു. ഈ കാരണങ്ങളെല്ലാം തന്നെ ആനന്ദിയെ ഒരു ഡോക്ടർ ആക്കാൻ പ്രചോദിപ്പിച്ചു. പക്ഷെ പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നതിനു മുൻപു തന്നെ, ആനന്ദി, ക്ഷയം ബാധിച്ചു തന്റെ 21ആം വയസ്സിൽ മരിച്ചു.

മരണം കൊണ്ടു പോലും ആനന്ദി ഉണ്ടാക്കിയെടുത്ത തീപ്പൊരി അണഞ്ഞില്ല. ആനന്ദിയുടെ പാതകൾ നിരവധി ഇന്ത്യൻ സ്ത്രീകൾക്ക് പ്രചോദനമായി. തന്റെ ലക്‌ഷ്യം സഫലീകരിക്കുന്നതിൽ ആനന്ദി നേരിട്ട ബുദ്ധിമുട്ടുകളാണ് പ്രധാനമായും ചിത്രത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ പോകണമെന്ന് പറയുമ്പോൾ ഹിന്ദുക്കളായ അയൽവാസികളുടെയും, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തണമെന്നാവശ്യപ്പെട്ട മിഷണറിമാരുടെയും വെല്ലുവിളികളെ അതിജീവിച്ചാണ് ആനന്ദി തന്റെ പഠനം പൂർത്തിയാക്കിയത്.

അവസാനം ന്യൂ ജഴ്സിയിലുള്ള തിയോഡീഷ്യ കാർപെന്റർ, ഈ ദമ്പതിമാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി അറിയുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

സമൂഹത്തിലും സ്വകാര്യ ഇടങ്ങളിലും സ്ത്രീകൾ ഇന്നും അനുഭവിക്കുന്ന പ്രശ്നങ്ങളും തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് തന്നെ ഇത്തരമൊരു സിനിമയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്വാൻസ് പറഞ്ഞു. ഡബിൾ സീറ്റ്, ടൈം പ്ലീസ്, മാല കഹിച്‍ പ്രോബ്ലം നഹി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു സിനിമകൾ.

“ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചിട്ടുണ്ട് എന്തിനാണ് ഈ നൂറ്റാണ്ടിൽ ഇത്തരമൊരു സിനിമയെടുക്കുന്നതെന്ന്. പക്ഷെ ശബരിമലയിൽ ഈയടുത്താണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് എന്നിട്ടുപോലും നിരവധി പ്രതിസന്ധികളാണ് അവർ അമ്പലത്തിൽ കയറാൻ നേരിട്ട് കൊണ്ടിരിക്കുന്നത്. അപ്പോൾ അന്നത്തെ കാലത്ത് എന്തായിരിക്കും,?” സമീർ വിദ്വാൻസ് പറഞ്ഞു.

സിനിമയുടെ തിരക്കഥ ആദ്യം ഹിന്ദിയിലാണ് എഴുതിയത്. തിരക്കഥാകൃത് കരൺ സിദ്ധാന്ത് ശർമ്മ. പിന്നീട് മറാത്തിയിലേക്ക് മാറ്റുകയായിരുന്നു. മറാത്തി-ഹിന്ദി-ഇംഗ്ലീഷ് നാടകകൃത്തും സാഹിത്യ അക്കാഡമി യുവ പുരസ്‌കാര ജേതാവുമായ ഐരാവതി കാർണിക്കാണ് സംഭാഷണങ്ങൾ മറാത്തിയിലേക്കു പരിഭാഷ ചെയ്തത്.

സിനിമ ചെയ്യുമ്പോൾ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് അവരുടെ മാനസികാവസ്ഥയെ പുനഃസൃഷ്ടിക്കുക എന്നതായിരുന്നു. പ്രത്യേകിച്ചും ഗോപാലിന്റേത്. കാരണം അദ്ദേഹം ഒരേസമയം ആനന്ദിയെ സ്വാധീനിച്ചുവെങ്കിലും പെരുമാറ്റം പലപ്പോഴും പരുക്കനായിരുന്നു. എന്തുകൊണ്ട് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണം, എന്തുകൊണ്ടാണ് ഈ ബ്രാഹ്മണിക്കൽ വ്യവസ്ഥയെ എതിർക്കേണ്ടത്, മതങ്ങൾ എങ്ങനെയാണ് നമ്മുടെ യുക്തിയെ തെറ്റായി ബാധിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു.

ആനന്ദി ഗോപാലിന്റെ ജീവിതത്തെ പറ്റി കൂടുതൽ വിവരങ്ങൾ കിട്ടിയത് അഞ്ജലി കിർതനെ രചിച്ച ഡോക്ടർ ‘ആനന്ദി ബായിജോഷി കൽ അനി കർതൃത്വ’ കാശി ബായി കാണിത്ക്കറിന്റെ ജീവചരിത്രം, എസ് ജെ ജോഷിയുടെ കഥ ‘ആനന്ദി ഗോപാൽ’ തുടങ്ങിയവ കൃതികളിൽ നിന്നാണ്.

പ്രാരംഭഘട്ടം മുതൽ തന്നെ നിരവധി വെല്ലുവിളികൾ നേരിട്ടാണ് ഈ സിനിമ തീയേറ്ററുകളിൽ എത്തുന്നത്. സ്ത്രീ സമത്വത്തിന് ഒട്ടനവധി കടമ്പകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഇത്തരമൊരു സിനിമയുടെ പ്രസക്തി വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *