Thu. Apr 25th, 2024
ന്യൂഡൽഹി:

1875 ൽ സ്ഥാപിതമായ അലിഗഢ് മുസ്ലീം സർവകലാശാലയാണ് സംഘപരിവാര്‍ തീവ്രവാദികളുടെ പുതിയ പരീക്ഷണ ഇടം. ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് അലിഗഢ് മുസ്ലീം സർവകലാശാലയിലെ 14 വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്. റിപ്പബ്ലിക് ചാനല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തെ തുടര്‍ന്നാണ്‌ യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധിയുടെയും റിപ്പബ്ലിക് ടിവി കറസ്‌പോണ്ടന്റിന്റേയും പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച വൈകീട്ടാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. വിവിധ മുസ്ലീം നേതാക്കളെ പങ്കെടുപ്പിച്ച് സർവകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സർവ്വകലാശാല അധികൃതരുടെ അനുവാദം കൂടാതെ റിപ്പബ്ലിക് ടിവി കറസ്‌പോണ്ടന്റ് ഉള്‍പ്പടുന്ന  സംഘം  സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കാന്‍ ശ്രമിച്ചതു മുതലാണ്‌ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

അയോധ്യയില്‍ നിന്നുള്ള താല്‍കാലിക പിന്മാറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സമരം നിര്‍ത്തിവെക്കുകയാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ഒരാഴ്ച മുമ്പു പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്ന ‘പൊന്മുട്ടയിടുന്ന താറാവിനെ’ ഒറ്റയടിയ്ക്കു കൊല്ലാന്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തയ്യാറല്ല എന്ന് സാരം. എന്നാല്‍ അയോധ്യയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെ തങ്ങളുടെ രാഷ്ട്രീയ പ്രയോഗത്തിന് ഇടം കണ്ടെത്തിയിരിക്കുകയാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍.

പ്രശ്നങ്ങളാണ് പ്രസ്ഥാനത്തിന്‍റെ ഭക്ഷണം എന്നൊരു ചൊല്ലുണ്ട് നാട്ടില്‍. ഇങ്ങനെ പ്രശ്നങ്ങളും കലാപങ്ങളും ബോധപൂര്‍വ്വം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ഒരു വിഭാഗമാണ്‌ ഹിന്ദുത്വ ഫാസിസ്റ്റുകള്‍. 1992 ഡിസംബർ 6 ന് ഞായറാഴ്ച ദിവസം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി പള്ളി തകര്‍ത്ത് മുതല്‍ കേരളത്തിലെ ശബരിമല യുവതി പ്രവേശനം വരെ ഇത്തരത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പരീക്ഷണ ഇടങ്ങളാണ്. ഗുജറാത്ത്‌ കലാപവും ഉത്തര്‍പ്രദേശിലെ തന്നെ മുസഫര്‍ നഗര്‍ കലാപവും ഉള്‍പ്പടെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്.

ഹിന്ദുത്വ ഫാസിസം: ജെ.എൻ.യു മുതല്‍ അലിഗഡ് വരെ

2014 രാജ്യത്ത് അധികാരത്തില്‍ വന്നതിനു ശേഷം ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ലക്ഷ്യം വെച്ച പ്രധാനപ്പെട്ട ഇടങ്ങളില്‍ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ  ജവഹർലാൽ നെഹ്റു സർവകലാശാല മുതല്‍ ഹൈദരാബാദ് കേന്ദ്ര സർവകലാശാല വരെയും ഏറ്റവും ഒടുവില്‍ അലിഗഢ് മുസ്ലീം സർവകലാശാലയും ഹിന്ദുത്വ തീവ്രവാദികളുടെ പരീക്ഷണ ഇടങ്ങളായിരുന്നു.

ഏറെ പ്രശസ്തമായ ജവഹർലാൽ നെഹ്​റു​ സർവകലാശാല ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രം ആണെന്നു വരെ പ്രസ്താവനകള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതില്‍ നിന്ന് എതെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഇത്തരം ശക്തികള്‍ നടത്തുന്നത് എന്ന് വ്യക്തമാണ്. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ എ.ബി.വി.പി കാമ്പസിൽ തുടങ്ങിവെച്ച അക്രമവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്​ വിദ്യാർത്ഥി യൂണിയനെ കുറ്റപ്പെടുത്തിയുള്ള മന്ത്രിയുടെ പ്രതികരണം.

തിരക്കു പിടിച്ച തലസ്ഥാന നഗരിയില്‍ നിറയെ പച്ചപ്പ് നിറഞ്ഞ ആയിരം ഏക്കര്‍ കാമ്പസില്‍ താമസം, എട്ടു നില ലൈബ്രറി, ലോകം മുഴുവന്‍ അറിയപ്പെടുന്ന നിരവധി അധ്യാപകരുടെ ക്ലാസ്സിലിരുന്ന് പഠിക്കാനവസരം. ഇന്ത്യയിലും വിദേശത്തുമുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികളുടെ സഹവാസം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി അക്കാദമിക് ബുദ്ധിജീവികളെ സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാല, ഉന്നത പഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. ഇത്തരം ഒരു സ്ഥാപനത്തെ കുറിച്ചാണ് ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രം എന്ന് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.

കനയ്യ കുമാറും ഉമർ ഖാലിദും ഉള്‍പ്പടെ ഉള്ള ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കു മേല്‍ ചുമത്തിയത് രാജ്യദ്രോഹക്കുറ്റമായിരുന്നു. 2017-18 കാലത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ആയിരുന്ന മഷ്കൂര്‍ അഹമദ് ഉസ്മാനി ഉള്‍പ്പടെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഇതേ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി പതിനൊന്ന് തിങ്കളാഴ്ച മുതല്‍ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരത്തിനു പിന്തുണയുമായി ഡല്‍ഹിയിലുള്ള മഷ്കൂര്‍ അഹമദ് ഉസ്മാനിയുടെ പേരു കൂടി ചേര്‍ത്ത്, ഡല്‍ഹിയില്‍ നിന്ന് 130 കിലോമീറ്റർ ദൂരത്തിലുള്ള ഉത്തര്‍പ്രദേശിലെ അലിഗഢിൽ, ചൊവ്വാഴ്ച നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ കേസുകള്‍ ചുമത്തി എന്ന് പറയുന്നിടത്തു തന്നെ പോലീസിനും ഹിന്ദുത്വ ശക്തികള്‍ക്കും ഈ വിഷയത്തിലുള്ള താത്പര്യം വ്യക്തമാണ്.

അലിഗഢ് സര്‍വകലാശാല പ്രശ്നവും ഹിന്ദുത്വ ഫാസിസവും

കേംബ്രിഡ്ജ് സർവകലാശാലയുടെ മാതൃകയില്‍, ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത കലാലയങ്ങളിലൊന്നാണ്‌, അലിഗഢ് മുസ്ലീം സർവകലാശാല. സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച, അലിഗഢിലെ മൊഹമ്മദൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ്, പിന്നീട് അലിഗഢ് മുസ്ലീം സർവകലാശാലയായി മാറിയത്. 1920 ലാണ് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം ഇതിന്‌ കേന്ദ്ര സർവകലാശാല പദവി ലഭിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഘപരിവാര്‍ തീവ്രവാദി

അലിഗഢ് മുസ്ലീം സർവകലാശാല ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍, ഹിന്ദുത്വ ഫാസിസ്റ്റുകള്‍ നേരത്തെയും ശ്രമിച്ചിട്ടുണ്ട്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കായി ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട്, ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് മുകേഷ് സിംഗ് ലോധി വൈസ് ചാന്‍സിലര്‍ താരീഖ് മന്‍സൂറിന്, നേരത്തെ  കത്തുനല്‍കിയിരുന്നു. വൈസ് ചാന്‍സിലര്‍ പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും, ഇല്ലെങ്കില്‍ യുവമോര്‍ച്ചയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രവേശിച്ച്, വിഗ്രഹം സ്ഥാപിക്കുമെന്നുമാണ് മുകേഷ് സിംഗ് അന്നു ഭീഷണി മുഴക്കിയത്.

കൂടാതെ, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാകയുമായി അനുവാദമില്ലാതെ ക്യാംപസിനുള്ളില്‍ പ്രകടനം നടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ, സർവകലാശാല അധികൃതര്‍ നേരത്തെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസില്‍ ക്ഷേത്രം എന്ന ആവശ്യം യുവമോര്‍ച്ച മുന്നോട്ട് വച്ചത്.

റിപ്പബ്ലിക് ചാനലും അലിഗഢ് സര്‍വകലാശാല പ്രശ്നവും

ഫെബ്രുവരി 12 ചൊവ്വാഴ്ചയാണ്, അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ 14 വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ ഇടയായ സംഭവം നടക്കുന്നത്. സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ വെച്ച് അധികൃതരുടെ അനുവാദം കൂടാതെ റിപ്പബ്ലിക് ടിവി യുടെ രണ്ട് വനിതകള്‍ ഉള്‍പ്പടെയുള്ള പ്രതിനിധികള്‍ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത് എന്ന് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഉസ്മാനി പറയുന്നു.

അധികൃതരുടെ അനുവാദം കൂടാതെയുള്ള റിപ്പോര്‍ട്ടിംഗ് വിദ്യാര്‍ഥികളും സെക്യൂരിറ്റി ജീവനക്കാരും തടഞ്ഞതോടെ വിദ്യാര്‍ത്ഥികളെ, ഭീകരവാദികള്‍ എന്ന് ഒരു വനിത റിപ്പോര്‍ട്ടര്‍ അധിക്ഷേപിച്ച് വിളിക്കുകയും, ഇരുപതോളം വരുന്ന വിദ്യാര്‍ഥികളെ ഇത് പ്രകോപിപ്പിക്കുകയും ചെയ്തതായി ഷര്‍ജീല്‍ ഉസ്മാനി പറയുന്നു. തുടര്‍ന്ന് ചെറിയ രീതിയിലുള്ള വാക്കു തര്‍ക്കത്തിനൊടുവില്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള സംഘം പുറത്തെ ഗേറ്റിലേക്ക് നടക്കുകയും, മാസ്സ് കമ്യുണിക്കേഷന്‍ വിഭാഗത്തിനു സമീപം വീണ്ടും റിപ്പോര്‍ട്ടിംഗ് ആരംഭിക്കുകയും ചെയ്തു.

ഇത്, ചില വിദ്യാര്‍ത്ഥി നേതാക്കള്‍ എതിര്‍ത്തതോടെ, വീണ്ടും തര്‍ക്കം ആരംഭിക്കുന്നു. പ്രശ്നം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള സംഘം സുരക്ഷിതരായി പുറത്തേക്കു പോയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്, അലിഗഢ് എം.എല്‍.എ യുടെ ബന്ധുവായ അജയ് സിംഗ് താക്കൂറും സംഘവും സര്‍വകലാശാല ഗേറ്റിനു മുന്നില്‍ പ്രകടനം നടത്തുകയും, ഇവര്‍ ഗേറ്റില്‍ എത്തിയതോടെ, വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ സംഘത്തെ തടയാന്‍ എത്തുകയും തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍, അജയ് സിംഗ് താക്കൂറിന്റെ സംഘത്തിലുള്ള ബിജെപി ഗുണ്ടകളില്‍ ഒരാള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി ഹുസൈഫ അമിറിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി ഷര്‍ജീല്‍ ഉസ്മാനി പറയുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ അയാളുടെ ബൈക്ക് കത്തിക്കുകയും ചെയ്തു.

സർവകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുക്കുന്നു എന്ന തരത്തില്‍, പ്രാദേശിക പത്രങ്ങള്‍ നല്‍കിയ വ്യാജ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്, അജയ് സിംഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍  പ്രകടനമായെത്തുന്നത്. എന്നാല്‍ പരിപാടിയിലേക്ക് ഒവൈസിയെ ക്ഷണിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നുണ്ട്.

വിദ്യാർത്ഥികൾ ‘പാക്കിസ്ഥാൻ സിന്ദാബാദ്, ഭാരത് മൂർദ്ധാബാദ്’ മുദ്രാവാക്യം വിളിച്ചുവെന്നാണ് യുവമോർച്ച നേതാവിന്റെ പരാതിയിൽ പറയുന്നത്. സർവകലാശാലയിലെ, മുൻ വിദ്യാർത്ഥി നേതാക്കൾക്ക് എതിരെയാണ് കേസ്. ചാനൽ പ്രതിനിധികളുടേതുൾപ്പടെയുള്ള സ്വകാര്യ വ്യക്തികളുടെ പരാതിയിലാണ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരിക്കുന്നതെന്നും, അന്വേഷണത്തിൽ, കുറ്റം തെളിഞ്ഞില്ലെങ്കിൽ കേസ് പിൻവലിക്കുമെന്നും അലിഗഢ് എസ്.എസ്‌പി ആകാശ് കുൽഹാരി പറയുന്നു.

സംഘപരിവാര്‍ ആക്രമത്തില്‍ പരിക്കേറ്റ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി മുഹമ്മദ്‌ആരിഫ് ഖാന്‍

വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂല ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് അലിഗഢ് എസ് പി അഷുതോഷ് ദ്വിവേദി പറയുന്നത്. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കൈമാറാന്‍ എ.എം.യു അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഉടന്‍ അതു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.

അതേസമയം, കാമ്പസിൽ സംഘർഷമുണ്ടാക്കിയെന്ന് കാണിച്ച് ബി.ജെ.പി നേതാവിനെതിരെയും, ചാനൽ പ്രതിനിധികൾക്കെതിരെയും, വിദ്യാർത്ഥിയായ ഷർജീൽ ഉസ്മാനിയും പരാതി നൽകിയിട്ടുണ്ട്. പ്രകോപനമുണ്ടാക്കിയെന്നും, സമാധാന അന്തരീക്ഷം തകർത്തുവെന്നുമാണ് പരാതി. എന്നാല്‍, തങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ക്യാമ്പസിൽ കയറി ചിത്രീകരിക്കാൻ അനുമതി തേടിയിരുന്നോ എന്നന്വേഷിച്ചപ്പോൾ ‘തങ്ങൾ ഭീകരരെ ഭയക്കുന്നില്ലെന്നാണ്’ റിപബ്ലിക് ടിവി പ്രതിനിധികൾ മറുപടി നൽകിയതെന്നും ഉസ്മാനി പറയുന്നു. ക്യാമ്പസിൽ ഹിന്ദു മുസ്ലീം വിദ്യാര്‍ത്ഥികള്‍ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്നും, ഇതിനെത്തുടർന്ന്, സംഘർഷം നിലനിൽക്കുന്നുവെന്നുമറിഞ്ഞാണ് ചിത്രീകരണത്തിന് എത്തിയത് എന്നാണ് ചാനൽ പ്രതിനിധികൾ പൊലീസിൽ നൽകിയ മൊഴി. എന്നാൽ, ക്യാമ്പസിൽ ഹിന്ദു-മുസ്ലിം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിട്ടില്ല എന്നാണ് കോളേജ് യൂണിയൻ പ്രതിനിധികൾ പറയുന്നത്.

റിപബ്ലിക് ടിവി പ്രതിനിധികളായ നളിനി ശര്‍മ, സുമൈറ ഖാന്‍ എന്നിവരാണ് സര്‍വകലാശാലയെ ‘തീവ്രവാദികളുടെ സര്‍വ്വകലാശാല’ എന്നു വിശേഷിപ്പിച്ച് റിപ്പോര്‍ട്ടിംഗ് ആരംഭിച്ചത്. ഇതാണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ക്യാമ്പസിനകത്ത് കടന്ന്, തത്സമയ റിപ്പോര്‍ട്ടിന് ഇരുവര്‍ക്കും അനുമതി ഉണ്ടായിരുന്നില്ലെന്ന്, അലിഗഢ് എസ് പി അശുതോഷ് ദ്വിവേദി വ്യക്തമാക്കിയിരുന്നു. അവരുടെ തത്സമയ റിപ്പോര്‍ട്ടിങ്ങിലെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്കു കാരണം.

കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് എട്ടു വിദ്യാർത്ഥികളെ സർവകലാശാല ബുധനാഴ്ച സസ്പെന്റു ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പ്രദേശത്തെ ഇന്റർനെറ്റ് ലഭ്യത ഉൾപ്പടെ വിച്ഛേദിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ കൈമാറപ്പെടാമെന്നും, വ്യാജ പ്രചരണങ്ങൾ മതസൗഹാർദ്ദത്തെ ബാധിച്ചേക്കാമെന്നും ലോ ആൻഡ് ഓർഡർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന കാരണം പറഞ്ഞാണ് ഇന്റർനെറ്റ് ലഭ്യത ഉൾപ്പെടെ വിച്ഛേദിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *