Sat. Apr 27th, 2024

ബേഡഡുക്ക (കാസർകോട്):

പനി ബാധിച്ച് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്നയാളുടെ കണ്ണിൻറെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയിൽ കുത്തിവച്ചിരുന്ന സൂചി തറച്ചു വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദശി പിഡി ബിനോയ്(42)യുടെ ഇടതു കണ്ണിലേക്കാണ് കട്ടിലിനോടു ചേർത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയിൽ നിന്നാണ് സൂചി വീണത്. കണ്ണിൻറെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 11നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു. ഡെങ്കിപ്പനിയോടൊപ്പം ഛർദിയും ക്ഷീണവും ഉള്ളതിനാൽ കണ്ണിൻറെ വേദന കാര്യമാക്കുകയും ചെയ്തില്ല. അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി മൂർച്ഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിൽ 4 ദിവസത്തോളം ചികിത്സിച്ചു. 

പനി ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണിൻറെ വേദന കൂടുതലായത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാൽ‌ ഓപ്പറേഷൻ ചെയ്ത് ലെൻസ് മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു.  അവശനിലയിലായിരുന്ന ബിനോയിയുടെ തന്നെ അശ്രദ്ധയാലാണ് കൈ ബോട്ടിലിൽ തട്ടി സൂചി കണ്ണിലേക്കു വീണതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കുറ്റിക്കോൽ പടുപ്പിൽ ടാക്സി ഡ്രൈവർ ആണ് ബിനോയ്.