Fri. Apr 26th, 2024

പൊന്നാനി:

പറഞ്ഞതൊന്നും പാലിക്കപ്പെട്ടില്ല, അങ്ങാടിയിലെ കാലപ്പഴക്കം ചെന്ന ഒരുകെട്ടിടംകൂടി പൂർണമായി തകർന്നു. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ നഗരസഭ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് വണ്ടിപ്പേട്ട–ചാണ റോഡിലെ കെട്ടിടം ഇടിഞ്ഞുവീണത്. നേരത്തെ ഭാഗികമായി തകർന്ന കെട്ടിടം പൂർണമായി തകരുകയായിരുന്നു.

ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി. 3 തവണയായിട്ടാണ് കെട്ടിടത്തിൻറെ ഭാഗങ്ങൾ ഇടിഞ്ഞു വീണത്. ഓരോ തവണ കെട്ടിടം തകരുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ് തടിയൂരുകയാണ് നഗരസഭാധികൃതർ. ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടങ്ങളിൽ ഇപ്പോഴും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ കച്ചവടം അനുവദിക്കില്ലെന്നും കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നും പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം തകർന്ന കെട്ടിടം നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണ് പൂർണമായി പൊളിച്ചു മാറ്റിയത്. ശക്തമായ കാറ്റ് വീശിയാൽ നിലംപൊത്താവുന്ന തരത്തിലുള്ള കെട്ടിടങ്ങൾ അങ്ങാടി റോഡിൻറെ ഇരുവശങ്ങളിലുമുണ്ട്.

അങ്ങാടി വികസനത്തിൻറെ ഭാഗമായി ഇത്തരം കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടൽകൊണ്ട് അങ്ങാടി വികസനം നീണ്ടു പോവുകയാണെന്നും നഗരസഭ അനുകൂല നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.