Fri. Apr 26th, 2024
തിരുവനന്തപുരം:

ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു. വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ ഇന്റർവ്യൂ പാതിവഴിയിൽ അവസാനിപ്പിച്ചു.

ഗ്രേഡ് 2 അറ്റൻഡന്റ് തസ്തികയിലേക്ക് ആകെ ഒഴിവ് 30 എന്ന് ഉദ്യോഗസ്ഥർ. പുതുതായി 110 ഐസിയു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ക്ലീനിങ് ജീവനക്കാർക്ക് വേണ്ടിയുള്ള ഇന്‍റവ്യൂ. വന്നത് ഇത്രയും പേർ.

പുലർച്ചെ മുതൽ വന്ന് തിക്കിത്തിരക്കി ആൾക്കൂട്ടം. രണ്ടാംതരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നിരിക്കെ അപേക്ഷ വാങ്ങിവെക്കലും അഭിമുഖവും തകൃതി. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള റോഡിൽ വാഹനങ്ങൾ നിറഞ്ഞു. ആംബുലൻസുകൾ വരെ കുടുങ്ങി. കൈവിട്ടതോടെ വൈകി പൊലീസെത്തി. ഇന്റർവ്യു നിർത്തിവെച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സംവിധാനം ഒരുക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. നേരത്തെ കൊവിഡ് ആദ്യഘട്ടത്തിൽ ജീവനക്കാരെ തിരഞ്ഞെടുക്കാൻ ഓൺലൈനായാണ് ആരോഗ്യവകുപ്പ് അഭിമുഖവും നടപടികളും പൂർത്തീകരിച്ചത്.

By Divya