ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിച്ചതോടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ ഉത്തരേന്ത്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് വീടില്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്റെ മരണവാർത്ത.
ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ കൂടി പിന്തുണയോടെ പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചുവരികയായിരുന്നു. ഹര്‍ഷ് മന്ദർ തന്നെയാണ് ഡോക്ടർ പ്രദീപിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തില്‍ 60-കാരനായ പ്രദീപ് രോഗബാധിതനായി വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. കോവിഡ് മൂർച്ഛിച്ചതിനെത്തുടർന്ന് ബെഡിനും വെന്റിലേറ്ററിനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിക്കുകയുണ്ടായില്ല. അതിനെത്തുടർന്ന് സ്വയം ചികിത്സയുമായി വീട്ടില്‍ കഴിഞ്ഞുകൂടേണ്ടിവന്ന പ്രദീപ് ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് മരിച്ചത്.
ഇരുപത് വർഷത്തിലേറെയായി ദില്ലിയിലെ അശരണരായവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്ന ആളായിരുന്ന ഡോ പ്രദീപ് ബിജൽവാൻ, സാമ്പത്തിക നേട്ടമോ പ്രശസ്തിയോ പ്രതീക്ഷിക്കാതെയാണ് ഇക്കാലമത്രെയും അദ്ദേഹം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സേവനം നൽകിയിരുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മുതലേ പ്രദീപ് തന്നാല്‍ കഴിയുന്ന വിധത്തില്‍ പാവപ്പെട്ടവരായിട്ടുള്ളവരെ ചികിൽസിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് തെരുവിലെ ആളുകള്‍ക്കായുള്ള കൊവിഡ് ക്ലീനിക്ക് ആരംഭിക്കുകയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയുമായിരുന്നു.
60-കാരനായ പ്രദീപിന് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പലരും കൊവിഡ് കാലത്ത് നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രായമോ രോഗഭീതിയോ തളര്‍ച്ചയോ കണക്കിലെടുക്കാതെ സാമ്പത്തികലാഭം നോക്കാതെ കൊവിഡ് കാലത്ത് പ്രദീപ് ബിജല്‍വാന്‍ തെരുവിലെ ആളുകള്‍ക്കിടയില്‍ ചികിത്സയുമായി സജീവമാവുകയായിരുന്നു.