കോട്ടയം: കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ആഘോഷപ്രകടനം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ഇരുന്നൂറോളം വിദ്യാർത്ഥികൾ ഒത്തുചേർന്നത്.
ഇലെക്ഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരാണ് വിജയാഘോഷങ്ങൾ നടത്തിയത്. ക്യാമ്പസ്സിലെ ലൈബ്രറി ബ്ലോക്കിൽ ഇരുന്നൂറിൽ അധികം വരുന്ന വിദ്യാർത്ഥികൾ സാമൂഹിക അകലം പോലും പാലിക്കാതെ ഒത്തുകൂടുകയും രണ്ടു നിലകളിലും നടുമുറ്റതുമായിട്ട് ആഘോഷം നടത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരഞ്ഞെടുപ്പു ഫലം വന്നതിനെത്തുടർന്നാണ് ആഘോഷങ്ങൾ നടന്നത്.
കോവിഡ് മഹാമാരിയെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന എംബിബിഎസ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രോട്ടോക്കോൾ ലംഘനമെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മെഡിക്കൽ കോളജ് എസ്എഫ്ഐ യൂണിറ്റ്,എസ്എഫ്ഐ ജില്ലാ കമ്മിറ്റി എന്നിവയുടെ ഫെയ്സ്ബുക് പേജിൽ ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോ പങ്കുവക്കുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രോട്ടോകോൾ ലംഘനം വ്യാപകമായ വിമര്ശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഫലം വന്ന സമയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ എത്തിയ വിദ്യാർഥികൾ പത്ത് മിനിറ്റിനകം പിരിഞ്ഞുപോയെന്നാണ് വൈസ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെ സംഭവത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വൈസ് പ്രിൻസിപ്പൽ കെ.പി ജയകുമാർ.
രാജ്യത്ത് കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും കോവിഡ് പിടിമുറുക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിന് മുകളിലുള്ള കോട്ടയം ജില്ലയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം ആയിരത്തി എഴുനൂറ്റി മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഉത്തരാവാദിത്തത്തോടുകൂടി കാര്യങ്ങൾ നോക്കികാക്കാണേണ്ട ആരോഗ്യരംഗത്തെ വിദ്യാർത്ഥികളുടെ ഈ രീതിയിലുള്ള പെരുമാറ്റം.