Fri. Apr 26th, 2024
Sanu Mohan in Mookambika

കൊച്ചി: മകളുടെ മരണശേഷം കൊച്ചിയില്‍നിന്ന് കാണാതായ സനു മോഹനെ മൂകാംബികയിൽ കൊല്ലൂരിലെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞുപ്രതി കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. 

മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, പ്രതി ഉടന്‍ പിടിയിലാവുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. 

കൊല്ലൂരിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ ബിൽ നൽകുന്നതിനിടെ തർക്കമുണ്ടാകുകയും ജീവനക്കാർ ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയും  കർണാടക പൊലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു.

പ്രതിക്ക് മറ്റു തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ സ്വന്തം പേരിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത് എന്നാണ് കരുതുന്നത്.

പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകൾ നീക്കാനോ ഒളിവിൽ പോയ സനുമോഹനെ കണ്ടെത്താനോ പൊലീസിനായിരുന്നില്ല.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിച്ചത്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകുകയും നാല് ഭാഷകളിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു.