മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടം നടന്ന് നാല് ദിവസമായ ഇന്നും കാണാതായ ഒൻപത് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തുടർച്ചയായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കും പുറമെ ഒരു പുരോഗമനവും കാണാതായവരുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ക്യാബിനിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടോയെന്ന സംശയത്തിൽ ഇന്നലെ മുങ്ങൽ വിദഗ്ദ്ധർ നടത്തിയ പരിശോധനയും ഫലം കണ്ടില്ല.
ബോട്ടുമായി കൂട്ടിയിടിച്ചെന്നു സംശയിക്കുന്ന സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള എപിൽ ലു അവാരെ എന്ന കപ്പൽ കോസ്റ്റ് ഗാർഡ് നിർദേശപ്രകാരം സംഭവ സ്ഥലത്തിനു സമീപത്തായി നങ്കൂരമിട്ടിരിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന പതിനാലുപേരിൽ ഏഴുപേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ ഒഡിഷ സ്വദേശികളുമാണ്.