Mon. Dec 23rd, 2024

ദില്ലി: ഗ്യാൻവ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡിന്‍റെ ആവശ്യം. നിയമങ്ങൾ ലംഘിച്ച് കൊണ്ടാണ് ജില്ലാ കോടതി ഉത്തരവെന്ന് ബോർഡ് വാദിക്കുന്നു.

ഗ്യാൻവ്യാപി മസ്ജിദ് മാനേജ്മെന്റ് കമ്മറ്റിയും കോടതിയെ സമീപിച്ചിരുന്നു. കേസിൽ കാശി വിശ്വനാഥ ക്ഷേത്ര വിശ്വാസികൾ തടസ്സഹർജിയും നൽകിയിട്ടുണ്ട്. വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ ഗ്യാൻവ്യാപി മസ്ജിദ് മാനേജുമെന്‍റ് സമിതി നൽകിയ ഹര്‍ജിയെ എതിര്‍ത്താണ് കാശിവിശ്വനാഥ ക്ഷേത്ര വിശ്വാസികള്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്.

കാശി വിശ്വനാഥ ക്ഷേത്രം പിടിച്ചെടുത്ത് മുഗൾ ഭരണകാലത്ത് 1664ൽ ഔറങ്കസേബ് ഗ്യാൻവ്യാപി മസ്ജിദ്‌ നിര്‍മ്മിച്ചു എന്നായിരുന്നു ആരോപണം.ക്ഷേത്ര വിശ്വാസിയായ അഭിഭാഷകൻ  വി എസ് റസ്തോഗിയുടെ ഈ വാദം അംഗീകരിച്ചാണ് കഴിഞ്ഞ ആഴ്ച വാരാണസി ജില്ലാ കോടതി ആര്‍ക്കിയോളജിക്കൽ പരിശോധനക്ക് ഉത്തരവിട്ടത്.

ക്ഷേത്രം പൊളിച്ചാണ് മസ്ജിദ്‌ നിര്‍മ്മിച്ചതെന്ന ഹര്‍ജിയിലെ ആരോപണം പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ്‌ മാനേജ്മെന്‍റ് കമ്മിറ്റി നൽകിയ ഹര്‍ജിയിൽ കാശി ക്ഷേത്ര വിശ്വാസികളും തടസ്സഹര്‍ജി നൽകിയതോടെ കേസ് ഹൈക്കോടതിയിലേക്ക് എത്തുകയാണ്. 

1947ന് ശേഷം തൽസ്ഥിതി തുടരണം എന്നതാണ് നിയമം എന്നിരിക്കെ, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വാരാണസി ജില്ലാ കോടതി സര്‍വ്വേക്കുള്ള ഉത്തരവിട്ടതെന്നാണ് മസ്ജിദ് മാനേജുമെന്‍റ് കമ്മിറ്റിയുടെ വാദം. ഇത് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതാണ്.