Reading Time: 6 minutes

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫും എല്‍ഡിഎഫും പരസ്പരം ഉന്നയിക്കാറുണ്ട്.  ഇത്തവണയും അത് രണ്ട് തരത്തിൽ ഉയർന്നു വന്നിട്ടുണ്ട്. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയത് യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഉദാഹരണമായി എൽ ഡി എഫ് നേതാക്കൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ബിജെപിയുടെ രാജ്യസഭാ അംഗവും തൃശൂരിലെ സ്ഥാനാർത്ഥിയുമായ ചലച്ചിത താരം സുരേഷ് ഗോപി ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ ആരോപണം കൂടുതല്‍ ബലമുള്ളതായി. തലശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഎമ്മിന്‍റെ സിറ്റിംഗ് എംഎല്‍എയുമായ എ എൻ ഷംസീർ പരാജയപ്പെടണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഗുരുവായൂരിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ ജയിക്കണമെന്ന ആഗ്രഹവും അദ്ദേഹം അറിയിച്ചു. ഇതോടെ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ യുഡിഎഫിനെതിരെ രഹസ്യ ബന്ധം ആരോപിച്ച് രംഗത്തെത്തി.

രണ്ട് മണ്ഡലങ്ങളിലും  ബിജെപി സ്ഥാനാർത്ഥികൾ നൽകിയ പത്രികകൾ തള്ളിയതോടെ അവർക്ക് സ്ഥാനാർത്ഥികളില്ലാതായി. പാര്‍ട്ടിയുടെ ഡെമി സ്ഥാനാർത്ഥികൾ നോമിനേഷൻ തൽകാതിരുന്നതും സംശയത്തെ ബലപ്പെടുത്തുന്നതാണ്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസിൻ്റെ പത്രിക ദേശീയ അധ്യക്ഷൻ്റെ ഒപ്പില്ലാത്തതിനാൽ തള്ളിയതോടെ തലശേരിയിൽ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥി എം പി അരവിന്ദാക്ഷനും തമ്മിൽ നേരിട്ടുള്ള മത്സരമായി മാറിയിരിക്കുന്നു.

Suresh Gopi, C: News Minutes
Suresh Gopi, C: News Minutes

സിപിഎം സ്ഥിരമായി ജയിക്കുന്ന തലശേരി ബിജെപിക്കും ആർഎസ്എസിനും പ്രധാനപ്പെട്ട മണ്ഡലമാണ്. സിപിഎമ്മുമായി അവിടെ നടത്തിയ ദീര്‍ഘമായ സംഘർഷങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയുമാണ് ആർഎസ്എസും ജനസംഘവും പിന്നീട് ബിജെപിയും വളർന്നത്. 1971ലെ തലശേരിയിലെ മുസ്ലിം വിരുദ്ധ കലാപവും ആർഎസ്എസിൻ്റെ വളർച്ചക്ക് സഹായകമായി. അങ്ങനെ പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് നൽകിയ നാമനിർദ്ദേശ പത്രിക തള്ളാനിടയക്കിയതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന സംശയത്തിന് അടിസ്ഥാനമുണ്ട്. സുരേഷ് ഗോപി നടത്തിയ ആഗ്രഹ പ്രകടനം അത് ശരി വെക്കുകയായിരുന്നു.

തലശേരിയിൽ സിപിഎമ്മിനെയും എ എൻ ഷംസീറിനെയും തോൽപ്പിക്കാൻ കോൺഗ്രസിനെ സഹായിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് വിമര്‍ശനം. 2016ൽ 34117 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഷംസീർ അന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന, ഇപ്പോള്‍ ബിജെപി നേതാവായ എപി അബ്ദുല്ലക്കുട്ടിയെ തോൽപ്പിച്ചത്. ഷംസീറിന് 70741 വോട്ടും അബ്ദുല്ലക്കുട്ടിക്ക് 36624 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ആയിരുന്ന വി കെ. സജീവൻ 22125 വോട്ട് നേടിയിരുന്നു.

യുഡിഎഫ്- ബിജെപി വോട്ടുകൾ ഒരുമിച്ചാലും തലശേരിയില്‍ എൽഡിഎഫിനെ പരാജയപ്പെടുത്തുക എളുപ്പമല്ല. എങ്കിലും തങ്ങളുടെ വോട്ടുകളിൽ ഉണ്ടായ വർധനയും യുഡിഎഫ് വോട്ടുകളും ഒറ്റ സ്ഥാനാർത്ഥി എന്നതും ചേർന്നാൽ ഷംസീറിനെ തോൽപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാകും ബിജെപിയുടെ തിരിമറിക്ക് പിന്നിലെന്ന് കരുതാം. സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം പ്രവര്‍ത്തകനായ സിഒടി നസീറിനെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ അത് മുഖവിലക്കെടുക്കാന്‍ സാധ്യതയില്ല.

കണ്ണൂരിൽ ചില മണ്ഡലങ്ങളിലെങ്കിലും യു ഡി എഫിൻ്റെ പ്രത്യുപകാരവും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ടാകണം. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നത് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് സി കെ പത്മനാഭനാണ്.
കോൺഗ്രസിലെ സി രഘുനാഥൻ ആണ് ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അവിടെ യുഡിഎഫ് സ്ഥാനാർത്ഥി ആയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രമുഖ നേതാവ് മമ്പറം ദിവാകരനായിരുന്നു പിണറായി വിജയന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി. പിണറായി വിജയന്‍ 87329 വോട്ടും മമ്പറം 50424 വോട്ടുമാണ് നേടിയത്.  മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി സ്ഥാനാർത്ഥി മോഹനൻ മാനന്തേരി 12716 വോട്ട് മാത്രമാണ് നേടിയത്.

ഇത്തവണ മുഖ്യമന്ത്രിക്കെതിരെ സി കെ പത്മനാഭന് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞാൽ കണ്ണൂർ ജില്ലയിൽ ബിജെപിയുടെ മുന്നേറ്റമായി അവർക്ക് അവകാശപ്പെടാൻ കഴിയും. താരതമ്യേന അപ്രധാന സ്ഥാനാർത്ഥിയായ രഘുനാഥനെ ബലി കൊടുത്ത് സികെപിക്ക് കോൺഗ്രസ് വോട്ട് മറിക്കാൻ സാധ്യതയുള്ളതായി സൂചനകളുണ്ട്.

Pinarayi Vijayan and K K Shailaja. Pic C: The New Indian Express
Pinarayi Vijayan and K K Shailaja. Pic C: The New Indian Express

ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും കണ്ണൂർ ജില്ലയിലെ പ്രമുഖനായ സി സദാനന്ദൻ മാസ്റ്റർ മത്സരിക്കുന്ന കൂത്തുപറമ്പിലും സമാനമായ നീക്കുനോക്കിന് സാധ്യതയുണ്ട്. ഇവിടെ 2016 തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെകെ ശൈലജയ്ക്ക് 67,013 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കെപി മോഹനന് 54,722 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപിയുടെ സദാനന്ദൻ മാസ്റ്റർക്ക് മൂന്നാമത്, 20,787 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇത്തവണ എല്‍ജെഡി എല്‍ഡിഎഫിന്‍റെ ഭാഗമായതോടെ കെ പി മോഹനനാണ് LDF സ്ഥാനാർത്ഥി. യുഡിഎഫിന് വിജയ സാധ്യത തീരെയില്ലാത്ത മണ്ഡലത്തിൽ മുസ്ലിം ലീഗിൻ്റെ പൊട്ടൻകണ്ടി അബ്ദുല്ലയാണ് സ്ഥാനാർത്ഥി. തലശേരിയിലെ സഹായത്തിനുള്ള പ്രത്യുപകാരമായി സദാനന്ദൻ മാസ്റ്റർക്ക് കുറെ വോട്ടുകളെങ്കിലും കോൺഗ്രസ് നൽകിയാൽ അതും ബിജെപി മുന്നേറ്റത്തിന്‍റെ കണക്കിൽ പെടുത്താൻ കഴിയും.

കണ്ണൂർ ജില്ലയിൽ ബിജെപിക്കും യുഡിഎഫിനുമിടയിൽ ചില കൊടുക്കൽ വാങ്ങലുകൾക്കുള്ള വാതിലാണ് തലശേരിയിലെ ബിജെപിയുടെ പിന്മാറ്റത്തിലൂടെ തുറന്നിരിക്കുന്നത്. ഇത് സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാകണമെന്നില്ല. ധര്‍മടത്ത് മത്സരിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദം കെ സുധാകരന്‍ തള്ളിക്കളഞ്ഞതും യുഡിഎഫ് തകര്‍ന്നാല്‍ ബിജെപി ശക്തമാകുമെന്ന അദ്ദേഹത്തിന്‍റെ ആകുലതയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

2006 മുതൽ സിപിഎമ്മിലെ കെ വി അബ്ദുൽ ഖാദർ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ഗുരുവായൂർ. അതിന് മുമ്പ് ഇടതുപക്ഷത്തെയും മുസ്ലിം ലീഗിനെയും മാറി മാറി വിജയിപ്പിച്ച മണ്ഡലത്തിൽ ലീഗിലെ കെഎൻഎ ഖാദറാണ് യുഡിഎഫ് സ്ഥാനാർത്ഥി. 2016ൽ ലീഗിലെ പി എം സാദിഖലിയെ 15000 ലേറെ വോട്ടുകൾക്കാണ് അബ്ദുൽ ഖാദർ തോൽപ്പിച്ചത്.

ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ 25490 വോട്ട് നേടി കരുത്ത് തെളിയിച്ച മണ്ഡലമാണ്. അവിടെയാണ് സംസ്ഥാന അധ്യക്ഷൻ്റെ ഒപ്പില്ലാത്തതിനാൽ മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യത്തിൻ്റെ പത്രിക തള്ളിയത്. അബ്ദുൽ ഖാദറിന് പകരം എൻ കെ അക്ബറാണ് അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി.

KNA Khader in Guruvayur. Pic C: The New Indian Express
KNA Khader in Guruvayur. Pic C: The New Indian Express

കെഎൻഎ ഖാദറിനെ ജയിപ്പിക്കണം എന്ന സുരേഷ് ഗോപിയുടെ ആഗ്രഹവുമായി ചേർത്ത് വായിക്കുമ്പോളാണ് ചില രഹസ്യ നീക്കങ്ങള്‍ മണക്കുന്നത്. പൗരത്വ നിയമത്തിനെതിരെ യുഡിഎഫും മുസ്ലിം ലീഗും സമരം ചെയ്തപ്പോൾ നിയമം നടപ്പാക്കിയാൽ ലീഗ് പ്രവർത്തകർ അപേക്ഷ പൂരിപ്പിച്ച് കൊടുക്കുമെന്ന ഖാദറിൻ്റെ പ്രസംഗം വിവാദം സൃഷ്ടിച്ചിരുന്നു. ബിജെപിക്ക് ഖാദർ പ്രിയങ്കരനാകാൻ ഇതും കാരണമാകാം. നിവേദിതയുടെ പത്രിക തള്ളിയപ്പോൾ അവിടെ ഡിഎസ്ജെപി എന്ന അജ്ഞാത പാർട്ടിയുടെ സ്ഥാനാർത്ഥിയായ ദിലീപ് നായരെ പിന്തുണച്ചെങ്കിലും ബിജെപി വോട്ടുകൾ ഖാദറിന് പോകാൻ സാധ്യതകളുണ്ട്.

ഇതിന് പകരം ലീഗും കോൺഗ്രസും ബിജെപിക്ക് വോട്ട് മറിക്കുമോ എന്നും അത് എവിടെ ആയിരിക്കുമെന്നും വ്യക്തമല്ല. സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ്- ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ എന്തെങ്കിലും ധാരണയുണ്ടാകാനും സാധ്യതകളില്ല. എങ്കിലും തൃശൂരിൽ കുറച്ചെങ്കിലും പ്രത്യുപകാരം ലഭിച്ചേക്കുമെന്ന പ്രതീക്ഷ അവിടെ മത്സരിക്കുന്ന സുരേഷ് ഗോപിക്കുണ്ട് എന്ന് വേണം കരുതാൻ.

ദേവികുളത്ത് ഘടകകക്ഷിയായ എഐഡിഎംകെയുടെ സ്ഥാനാർത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ട ആർ ധനലക്ഷ്മിയുടെ പത്രിക തള്ളിയതിൻ്റെ ആക്ഷേപങ്ങളും ബിജെപിയാണ് നേരിടുന്നത്. ഒരു സ്വതന്ത്ര സ്ഥാനാർത്ഥി എസ് ഗണേശനെ പിന്തുണച്ച് മുഖം രക്ഷിക്കാനാണ് അവരുടെ ശ്രമം. മൂന്ന് തവണ സിപിഎമ്മിലെ എസ് രാജേന്ദ്രന്‍ വിജയിച്ച ദേവികളത്ത് എ രാജയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ ഡി കുമാറാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. ഇവിടെയും ഇടതുപക്ഷത്തിന്‍റെ പരാജയം ബിജെപിയും ആഗ്രഹിക്കുന്നുണ്ടാകണം.

ഈ മൂന്ന് മണ്ഡലങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേരളത്തിലാകെ കോലീബി സഖ്യമുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നത്. ബിജെപി നേതൃത്വവും സിപിഎമ്മും തമ്മിൽ പല മണ്ഡലങ്ങളിലും രഹസ്യ ഡീലുണ്ടെന്ന ആർഎസ്എസ് സഹയാത്രികൻ ആർ ബാലശങ്കറിൻ്റെ ആരോപണത്തിന് മറുപടി കൂടിയാണ് എൽഡിഎഫ് നൽകുന്നത്. ചെങ്ങന്നൂരില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പത്തനംതിട്ട ജില്ലയിലും മറ്റ് പലയിടത്തും ബിജെപി നേതൃത്വവും സിപിഎമ്മും തമ്മില്‍ രഹസ്യ ഡീലുണ്ടെന്ന് ബാലശങ്കര്‍ ആരോപിച്ചത്.

1991ൽ നിയമസഭ തെരഞ്ഞെടുപ്പും പാർലമെൻ്റ് തെരഞ്ഞെടുപ്പും ഒരുമിച്ച് നടന്നപ്പോഴാണ് കേരളത്തില്‍ കോലീബി എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട സഖ്യം രൂപപ്പെട്ടത്. തുടര്‍ഭരണം എന്ന സ്വപ്നത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാമെന്നും വി എസ് അച്യുതാനന്ദന്‍ അന്ന് കണക്കുകൂട്ടി. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ജനസംഘം എന്ന പേരിലും 1980ല്‍ ബിജെപി രൂപീകരണത്തിന് ശേഷവും നിരന്തരം മത്സരിച്ച് തോല്‍ക്കുന്ന സ്ഥിതി മാറി ഒരു സീറ്റെങ്കിലും നേടണമെന്ന് ബിജെപി നേതൃത്വവും കരുതിയതോടെയാണ് സഖ്യം യാഥാര്‍ത്ഥ്യമായത്.

ബിജെപി നേതാവ് കെജി മാരാരെ കുറിച്ച് പത്രപ്രവര്‍ത്തകനായ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘കെ ജി മാരാര്‍- രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന ജീവചരിത്രത്തിലുടെയാണ് ഈ സഖ്യത്തിന്റെ കഥകള്‍ ആദ്യം പുറത്തുവന്നത്. പിന്നീട് ഒ രാജഗോപാലും അന്നത്തെ സ്ഥാനാർത്ഥികളും ഇത് സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു സഖ്യത്തിന് മുൻകൈ എടുത്തത്.

യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണ ഇപ്രകാരമായിരുന്നു: ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ മണ്ഡലത്തിലും രണ്ട് കൂട്ടരും പിന്തുണക്കുന്ന പൊതുസ്വതന്ത്രര്‍ മത്സരിക്കും. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണക്കുന്നതിനു പകരമായി മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഓ രാജഗോപാല്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുമെന്നായിരുന്നു ധാരണ. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി.

എന്നാൽ രാജീവ് ഗാന്ധി വധത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സഹതാപ തരംഗവും ബിജെപി വോട്ടുകളും കൂടി നേടി യുഡിഎഫ് 90 സീറ്റ് നേടി അധികാരത്തിൽ വന്നു. കെ കരുണാകരന്‍ കേരള മുഖ്യമന്ത്രിയുമായി.

മഞ്ചേശ്വരത്ത് കെ ജി മാരാർ 1000 വോട്ടിനാണ് തോറ്റത്. സഖ്യത്തില്‍ വടകര ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അഡ്വ. എ രത്നസിംഗും ബേപ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ഡോ. കെ മാധവന്‍ കുട്ടിയും തോറ്റു. മഞ്ചേശ്വരത്തിന് പുറമെ കാസര്‍കോടും ബിജെപി രണ്ടാം സ്ഥാനത്തെത്തി.

എല്ലാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുന്ന വിവാദമാണ് കോലീബി സഖ്യമെങ്കിലും ഇത്തവണ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെ ഇത്തവണ അതിന് ബലം ലഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും ബിജെപി യുഡിഎഫുമായി എന്തെങ്കിലും നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബാല ശങ്കർ ആരോപിച്ചതു പോലെ LDF ഉം ബിജെപിയും തമ്മിൽ എന്തെങ്കിലും ഡീൽ ഉണ്ടോ എന്നും വ്യക്തമാക്കണം.

താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി മുന്നണികളും പാർട്ടികളും ഉണ്ടാക്കുന്ന ഇത്തരം രഹസ്യ നീക്കങ്ങളാണ് ബിജെപിയെ പോലുള്ള വർഗീയ ശക്തികളെ കേരളത്തില്‍ ശക്തിപ്പെടുത്തുന്നത്. എന്നാല്‍ 1991ലെ ഇരു മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പാടെ മാറിയിട്ടുണ്ട്. 2016ല്‍ നേമത്ത് മാത്രമാണ് വിജയിച്ചതെങ്കിലും ഏഴ് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് അവരുടെ അവകാശവാദം.

അതിലുപരി തിരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും പ്രതിപക്ഷത്ത് തങ്ങളായിരിക്കുമെന്നാണ് അവര്‍ ഉറപ്പിച്ചുപറയുന്നത്. എതിര്‍ മുന്നണികളില്‍ നിന്ന് നേതാക്കളെയും എംഎല്‍എമാരെയും കാലുമാറ്റാന്‍ കഴിയുന്ന തന്ത്രങ്ങളും സമ്പത്തും ബിജെപിക്ക് ഉണ്ട് എന്നത് ഓര്‍മ വേണം. ബിജെപിയുമായി ഉണ്ടാക്കുന്ന രഹസ്യ ബന്ധങ്ങളിലൂടെ സ്വന്തം കാല്‍ക്കീഴിലെ മണ്ണാണ് ഒലിച്ചുപോകുന്നതെന്ന് തിരിച്ചറിയാന്‍ രണ്ട് മുന്നണികള്‍ക്കും കഴിയേണ്ടതുണ്ട്.

Advertisement