Sat. Apr 27th, 2024
തിരുവനന്തപുരം:

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭ. മുന്നാക്ക സംവരണ വിഷയത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും അതിനാലാണ് ഇത്തവണ ആരെയും പിന്തുണയ്ക്കാതിരിക്കുന്നതെന്നും കെപിഎംഎസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം.

പട്ടികജാതി- വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന മുന്നാക്ക സംവരണ കാര്യത്തില്‍ മൂന്നു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ പഠനമോ സ്ഥിതിവിവര കണക്കോ വിലയിരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇത് സാമൂഹ്യ സമത്വത്തിനായുള്ള ഭരണഘടനയുടെ സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണെന്നും കെപിഎംഎസ് അറിയിച്ചു.

ജനസംഖ്യാനുപാതികമായി അധികാര നഷ്ടം സംഭവിച്ച വിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയാണ് വേണ്ടത്. അതിനാല്‍, പ്രാതിനിധ്യ പഠനത്തിനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മുമ്പാകെ സംഘടന വച്ചിരുന്നെങ്കിലും അത് നിരാകരിക്കപ്പെട്ടു.

പൗരത്വ ഭേദഗതി നിയമവും, പുതിയ കാര്‍ഷിക നിയമങ്ങളും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരാണ് മുന്നാക്ക സംവരണം തിടുക്കത്തിലും മുന്‍കാല പ്രാബല്യത്തോടും കൂടി സംസ്ഥാനത്ത് നടപ്പാക്കിയത്.

By Divya