Sun. Nov 3rd, 2024

ഇസ്‌ലാമാബാദ്: ഇസ്രായേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീകരവാദിയായി കണക്കാക്കുകയും ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്താൻ സർക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ് ഈ നീക്കം.

ഇസ്‌ലാമാബാദിന് സമീപമുള്ള റാവൽപിണ്ടിയിൽ ഇസ്രായേൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്താൻ റാലി നടത്തിയിരുന്നു.

സർക്കാരും പാർട്ടിയും തമ്മിൽ ധാരണയായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് റാലി അവസാനിച്ചത്. പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ഭരണകൂടം ചർച്ചകൾ ആരംഭിച്ചു.

‘ഞങ്ങൾ ഇസ്രായേലിനെ മാത്രമല്ല, അതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ കമ്പനികളെയും ബഹിഷ്കരിക്കും. ഈ ക്രൂരതയുമായി ബന്ധപ്പെട്ട ആരുമായും സഹകരിക്കില്ല,’ പ്രധാനമന്ത്രിയുടെ  ഉപദേഷ്ടാവ് റാണ സനാവുള്ള പറഞ്ഞു.

ഇസ്രായേലിനെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സനാവുള്ള പറഞ്ഞു.